ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാനാവാതെ പുരാന്‍, കുതിച്ച് രാഹുലും മാര്‍ക്രവും; റൺവേട്ടയില്‍ പിന്നിലായി സഞ്ജു

ലക്നൗ:ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാനാവാതെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നിക്കോളാസ് പുരാന്‍. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങിയ പുരാന്‍ ആദ്യ രണ്ട് പന്തുകളും ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഞ്ച് പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായതോടെ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍റെ തലയില്‍ തന്നെ ഓറഞ്ച് ക്യാപ് സുരക്ഷിതമായി. എട്ട് കളികളില്‍ 417 റണ്‍സുമായാണ് സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഒമ്പത് മത്സരങ്ങളില്‍ 377 റണ്‍സുള്ള പുരാന്‍ രണ്ടാം സ്ഥാനത്താണ്. ലക്നൗ താരം മിച്ചല്‍ മാര്‍ഷ് ഇന്നലെ 45 റണ്‍സ് എടുത്തതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു മാറ്റം. എട്ട് കളികളില്‍ 344 റണ്‍സാണ് മാര്‍ഷിന്‍റെ സമ്പാദ്യം. എട്ട് കളികളില്‍ 356 റണ്‍സടിച്ച ജോസ് ബട്‌ലര്‍ ആണ് മൂന്നാം സ്ഥാനത്ത്. എട്ട് കളികളില്‍ 333 റണ്‍സുമായി സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്താണ്. ഇന്നലെ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ഏയ്ഡന്‍ മാര്‍ക്രം 326 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

എത്രയും വേഗം ബിസിസിഐ അവനെ ഇന്ത്യൻ ടീമിന്‍റെ സഹ പരിശീലകനാക്കണം, ഉപദേശവുമായി ഹര്‍ഭജന്‍

57 റണ്‍സുമായി ഡല്‍ഹിക്കായി തിളങ്ങിയ കെ എല്‍ രാഹുല്‍ ഏഴ് കളികളില്‍ 323 റണ്‍സുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ എട്ട് കളികളില്‍ 322 റണ്‍സെടുത്തിട്ടുള്ള വിരാട് കോലി എട്ടാമതും എട്ട് കളികളില്‍ 307 റണ്‍സടിച്ച യശസ്വി ജയ്സ്വാള്‍ ഒമ്പതാം സ്ഥാനത്തുമാണ്. എട്ട് കളികളില്‍ 305 റണ്‍സടിച്ച ശുഭ്മാന്‍ ഗില്‍ പത്താം സ്ഥാനത്തുള്ളപ്പോള്‍ 271 റണ്‍സുമായി കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെ പതിനൊന്നാം സ്ഥാനത്തുണ്ട്. ശ്രേയസ് അയ്യര്‍(263), പ്രിയാൻഷ് ആര്യ(254), ട്രാവിസ് ഹെഡ്(242), അഭിഷേക് ശര്‍മ(232) എന്നിവരാണ് ആദ്യ പതിനഞ്ചിലുള്ളത്. ഏഴ് കളികളില്‍ 224 റണ്‍സെടുത്ത രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 19-ാം സ്ഥാനത്താണ്. പരിക്കുമൂലം കഴിഞ്ഞ മത്സരം നഷ്ടമായ സഞ്ജുവിന് ആര്‍സിബിക്കെതിരായ ആടുത്ത മത്സരത്തിലും കളിക്കാനാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin