തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. തൃശ്ശൂർ സ്വദേശിയായ ഫവാസ് (31) ആണ് 36.44 ഗ്രാംഎംഡിഎംഎയും 20 ഗ്രാമോളം കഞ്ചാവുമായി പിടിയിലായത്. ഹൈദരാബാദിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി മയക്കുമരുന്ന് കേസ് ഉള്ളതിനാൽ ഒളിവിൽ താമസിച്ചു വരവേ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയപ്പോഴാണ് പ്രതി എക്സൈസ് സംഘത്തിന്റെ കയ്യിൽപ്പെടുന്നത്.
അന്തർ സംസ്ഥാന ഡ്രഗ് ഡീലർ ആണ് പിച്ചാത്തി ഫവാസ് എന്നറിയപ്പെടുന്ന യുവാവെന്ന് എക്സൈസ് പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും പാർട്ടിയുടെയും 15 ദിവസം നീണ്ട നീക്കത്തിനൊടുവിലാണ് തന്ത്രപരമായി ഇയാളെ പിടികൂടാൻ കഴിഞ്ഞത്. എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, വിനോദ് പ്രസന്നൻ, അൽത്താഫ്, അഖിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ഹരിത എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
അതിനിടെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബാലരാമപുരത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന 9 കിലോയിലധികം കഞ്ചാവ് പിടികൂടി. വെങ്ങാനൂർ സ്വദേശികളായ ആദർശ്, വൈഷ്ണവ് എന്നിവരാണ് കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. ആദർശിനെ എക്സൈസ് അറസ്റ്റ് ചെയ്യുകയും രക്ഷപ്പെട്ടോടിയ രണ്ടാം പ്രതി വൈഷ്ണവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു.
Read More : പഹൽഗാം: ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക ഉദ്യോഗസ്ഥൻ വിനയിന്‍റേത്, വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം