ക്ഷേത്രത്തിൽ ഗാനമേളക്കിടെ കവാടവും ആനചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. അഞ്ഞൂർകുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം. ഉടൻ തന്നെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അക്രമികളെ പിടികൂടുകയായിരുന്നു.
ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം ഒരുക്കിയ കവാടം നശിപ്പിക്കുകയും തുടർന്ന് ചക്കിത്തറ റോഡിൽ പ്രദർശിപ്പിച്ച പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്നീ ആനകളുടെ ചമയങ്ങൾ തകർക്കുകയും വെഞ്ചാമരം മോക്ഷണം പോവുകയും ചെയ്തത്. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.