ഐപിഎല്ലില്‍ ഒത്തുകളിച്ചോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്

ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്‌ദീപ് ബിഹാനിയുടെ ഗുരുതരമായ ആരോപണത്തില്‍ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയല്‍സ്. ബിഹാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ റോയല്‍സ് ഫ്രാഞ്ചൈസ് രാജസ്ഥാൻ സ‍ര്‍ക്കാരിനും സംസ്ഥാന സ്പോ‍ര്‍ട്‌സ് കൗണ്‍സിലിനും കത്തയച്ചു.

ലക്നൗ സൂപ്പ‍ര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 181 റണ്‍സ് പിന്തുടരവെ രാജസ്ഥാൻ രണ്ട് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിഹാനിയുടെ ആരോപണം വന്നത്. സമാനമായി നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും അവസാന നിമിഷം രാജസ്ഥാൻ കളി കൈവിട്ടിരുന്നു. ഡല്‍ഹിയോട് സൂപ്പ‍ര്‍ ഓവറിലായിരുന്നു പരാജയം.

ബിഹാനിയുടെ ആരോപണം പൂ‍ര്‍ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും രാജസ്ഥാൻ കത്തില്‍ വ്യക്തമാക്കി.

“രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ രാജസ്ഥാൻ റോയല്‍സിന്റെ ഐപിഎല്ലിലെ പ്രകടനവുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു. രാജസ്ഥാന്റെ ഐപിഎല്ലിലെ പ്രകടനത്തെ സംശയിക്കുകയും ഇതിന് പുറമെ ഒത്തുകളിയാരോപണം ഉന്നയിക്കുകയും ചെയ്തു. രാജസ്ഥാൻ റോയല്‍സ് മാനേജ്മെന്റ്, രാജസ്ഥാൻ സ്പോ‍ര്‍‍ട്‌സ് കൗണ്‍സില്‍, ബിസിസിഐ എന്നിവ‍ര്‍ ചേര്‍ന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക്കിനെ ഐപിഎല്ലിന്റെ ഭാഗമാക്കാതിരിക്കാൻ ശ്രമിച്ചുവെന്നും ബിഹാനി ആരോപിച്ചു. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ബിഹാനി ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളുമില്ല,” രാജസ്ഥാൻ റോയല്‍സ് വ്യക്തമാക്കി.

അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തി ടീമിന്റെ അന്തസിനെ കളങ്കപ്പെടുത്താൻ ബിജെപി എംഎല്‍എകൂടിയായ ബിഹാനി ശ്രമിച്ചുവെന്നും രാജസ്ഥാൻ ടീം പറയുന്നു.

സീസണില്‍ കനത്ത തിരിച്ചടിയാണ് രാജസ്ഥാൻ റോയല്‍‌സ് നേരിടുന്നത്. എട്ട് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് നേടാനായത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടീം. ഇതിനുപുറമെ നായകൻ സഞ്ജു സാംസണിന്റെ പരുക്കും ടീമിന് വിനയായി.

By admin