പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കാശ്മീരിലെ സമാധാനം തകർക്കാൻ ഭീകരവാദികൾ നടത്തുന്ന ശ്രമത്തിന് ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത് ഭീകരരുടെ ഉദ്ദേശം ജമ്മു കാശ്മീരിന്റെ സമാധാനം തകർക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുത്തുകയുമാണ് എന്ന് വ്യക്തമാണ്. വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ട്. സഞ്ചരികളെ ഭീകരർ ലക്ഷ്യമിടാൻ കാരണം അതാണെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
പ്രദേശത്തേക്ക് വിനോദയാത്ര പോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായത് എല്ലാം ചെയ്യും. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്.
പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ, കൊല്ലപ്പെട്ടവരിൽ വിദേശികളും