ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ അമീർ
ദോഹ: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. റോമൻ കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനാണ് അമീർ അനുശോചന സന്ദേശം അയച്ചത്.
ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുള്ള ബിൻ ഹമദ് ആൽഥാനി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. സമാധാനത്തിനും നീതിക്കും വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
Read Also – മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു.