ബേബി ബോണസ് മുതൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പിൽ അമ്മമാർക്ക് സംവരണം വരെ പരിഗണനയിൽ; ജനന നിരക്ക് വർദ്ധിപ്പിക്കാൻ യുഎസ്
വാഷിങ്ടണ്‍: യുഎസിൽ ജനന നിരക്ക് ഉയർത്താൻ വിവിധ പദ്ധതികളുമായി ട്രംപ് ഭരണകൂടം. അമേരിക്കക്കാരെ വിവാഹം കഴിക്കാനും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാരിന്‍റെ പരിഗണനയിലാണ്. ഇൻസെന്‍റീവും മറ്റും നൽകി ജനന നിരക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്.
പ്രസവശേഷം യുഎസിലെ ഓരോ അമ്മയ്ക്കും 5000 ഡോളർ വീതം ബേബി ബോണസ്, അണ്ഡോത്പാദനത്തെയും ആർത്തവത്തെയും കുറിച്ച് ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സർക്കാരിന്‍റെ പരിഗണനയിലുണ്ട്. അതോടൊപ്പം വിവാദമാകാനിടയുള്ള ചിസ നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. ഫെഡറൽ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് പ്രോഗ്രാമിൽ 30 ശതമാനം വിവാഹിതരായ അല്ലെങ്കിൽ കുട്ടികളുള്ള അപേക്ഷകർക്കായി സംവരണം ചെയ്യുമെന്നതാണ് ആ നിർദേശം. യുഎസിൽ ഏറെ വിലമതിക്കപ്പെടുന്ന അക്കാദമിക് ഫെലോഷിപ്പിൽ ഈ മാറ്റം കൊണ്ടുവരുന്നത് എതിർപ്പിന് ഇടയാക്കിയേക്കും.
ഭരണകൂടത്തിന്റെ ദീർഘകാല അജണ്ടയിലേക്ക് ജനന നിരക്ക് പ്രശ്നം കൊണ്ടുവരണമെന്ന നിർദേശം വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, ശതകോടീശ്വരൻ ഇലോൺ മസ്‌ക് എന്നിവരുൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അച്ഛനായ വാൻസ്, രാജ്യത്തെ ജനന നിരക്ക് കുറയുന്നത് ‘നാഗരിക പ്രതിസന്ധി’യാണെന്ന് വിശേഷിപ്പിച്ചു. ഭരണകൂടത്തിന്‍റെ കുടുംബ അനുകൂല പ്രതിച്ഛായ അടിവരയിടുന്നതിനായി തന്‍റെ മക്കളെയും അദ്ദേഹം പൊതുപരിപാടികളിൽ പതിവായി കൊണ്ടുവരാറുണ്ട്. കുട്ടികളില്ലാത്തവർക്ക് ഭാവിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കൊന്നുമില്ല എന്നാണ് ഇലോണ്‍ മസ്കിന്‍റെയും വാദം. അദ്ദേഹം 14 കുട്ടികളുടെ പിതാവാണ്.
1990-കൾ മുതൽ യുഎസിലെ ജനന നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. സിഡിസിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, 2023-ൽ മൊത്തം ജനന നിരക്ക് ഒരു സ്ത്രീക്ക് 1.62 ജനനം എന്നതാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കൽ, സാമൂഹിക മൂല്യങ്ങളിലെ മാറ്റം എന്നിവയുൾപ്പെടെയുള്ള സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളാണ് ജനന നിരക്ക് കുറയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.