പതിവ് തെറ്റിക്കാതെ വീണ്ടുമാ മണ്ണില്‍, മൈലാഞ്ചിത്തണലില്‍ ശാന്തരായി ഉറങ്ങുന്നു എന്റെ പ്രിയപ്പെട്ടവര്‍…
സജ്നയുടെ കണ്ണുകള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിലെ തൂങ്ങി കിടക്കുന്ന പാതി പഴുത്ത മാങ്ങയിലേക്ക് പോകുന്നത് കണ്ടു. അപ്പുവും, ഫൈസലും കണക്ക് പുസ്തകത്തിലെ പേജുകളില്‍, ദിശ അറിയാതെ സഞ്ചരിക്കുന്ന കപ്പല്‍ നിര്‍മാണത്തിലായിരുന്നു.
ചുമരിനോട് ചേര്‍ത്തിട്ട കസേരയില്‍ ഞാന്‍ ഇരുന്നു. കണ്ണുകള്‍ പോയത് ചുമരില്‍ തൂക്കിയിട്ട ക്ലോക്കിലേക്ക് ആയിരുന്നു. ഈശ്വരാ മൂന്ന് മണി!
ലഞ്ച് ബ്രേക്കിന് പോയില്ലേയെന്ന് ആരോ ചോദിക്കും പോലെ തോന്നി. കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ‘ലഞ്ച് ഉണ്ടെങ്കില്‍ അതിനെ പറ്റി ചിന്തിച്ചാല്‍ പോരെ?’
ആരോ വിളിക്കുന്നുണ്ട്. കുറെ നേരമായി ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയതും ഫോണ്‍ എടുത്ത് നോക്കി.
‘എന്താ അച്ചു ഇന്ന് സ്കൂളില്‍ പോയില്ലേ നീ?’ എന്റെ ചോദ്യം കേട്ട് അവന് പൊട്ടി ചിരിച്ചു.
ചേച്ചി എന്ത് മണ്ടിയാണ്?
ഞാന്‍ നേരെയുള്ള ടേബിളില്‍ തല ഒന്ന് ചാരി കിടന്നു. പരീക്ഷയും തീര്‍ന്ന് വെക്കേഷനുമായി. എന്നിട്ടാണോ ചേച്ചിയുടെ ചോദ്യം എന്ന് അവന്റെ കളിയാക്കലുകള്‍. ഒന്നും പറയാന്‍ പറ്റാതെ ഞാന്‍ കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നു.
അമ്മ വീട്ടിലെ മുറ്റത്തെ ആ നീണ്ട വരാന്തയില്‍ സജ്നയോടും അപ്പുവിനോടുമൊത്ത് വഴിയിലൂടെ പോകുന്ന ഓട്ടോറിക്ഷയില്‍ ആരുടെയോ വരവും കാത്ത് ഞങ്ങള്‍ ഇരുന്ന്. ‘പിള്ളേരെ വന്ന് ചോറ് കഴിച്ചേ’ എന്ന് സെയ്നാമ്മ പിന്നാമ്പുറത്ത് നിന്നും വിളിക്കുന്നത് കേള്‍ക്കാം. ഒരു ചെറിയ മടിയോടെ ഞങ്ങള്‍ അവിടെ നിന്നും മെല്ലെ ഊണ് മേശയിലേക്ക് നടക്കാന്‍ തുടങ്ങി.
‘മക്കളെ’ എന്ന നീളമുള്ള ഒരു വിളി. എല്ലാവരും ഒരേ സ്വരത്തോടെ ‘അത്ത വന്നേ’ എന്ന് സന്തോഷം കൊണ്ട് ചാടാന്‍ തുടങ്ങി. എല്ലാവരുടെയും കണ്ണുകള്‍ കയ്യിലുളള ആ പൊതിയിലാണ്. ഇടവഴിയിലൂടെ നടന്നുപോയ കൊച്ചേട്ടന് ‘കൊച്ചുമക്കള്‍ക്ക് അവധിക്കാലമാണല്ലേ..?’ എന്ന് ചോദിച്ചു. കയ്യിലുളള പൊതികള്‍ പകുത്ത് നല്കി കൊച്ചേട്ടന്റെ ചോദ്യത്തിന് ഒരു മൂളല്‍ സമ്മാനിച്ച് അത്ത ഊണ് മേശയിലെ വല്യ കസേരയില്‍ ഇടം പിടിച്ചിരുന്നു.
പടിഞ്ഞാറ് നിന്നും കാര്‍മേഘം മൂടിയതും സെയ്നാമ്മ ഉണങ്ങിയ തുണികള്‍ എടുക്കാനുള്ള തിടുക്കത്തിലായി. ഇളം കാറ്റ് ജനാലയ്ക്ക് ഇടയിലൂടെ വീശാന്‍ തുടങ്ങി. സജ്നയുടെ കണ്ണുകള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിലെ തൂങ്ങി കിടക്കുന്ന പാതി പഴുത്ത മാങ്ങയിലേക്ക് പോകുന്നത് കണ്ടു. അപ്പുവും, ഫൈസലും കണക്ക് പുസ്തകത്തിലെ പേജുകളില്‍, ദിശ അറിയാതെ സഞ്ചരിക്കുന്ന കപ്പല്‍ നിര്‍മാണത്തിലായിരുന്നു.
ആരും കാണാതെ ഉപ്പും മുളകും അടുക്കളയില്‍ നിന്നും എടുക്കുന്ന തിരക്കില്‍ ഞാനും.
വൈകുന്നേരത്തെ ചായ കുടിയും വിശേഷം പങ്കുവെക്കലും ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. സെയ്നാമ്മാടെ കഥകളും, അത്താടെ കൊച്ച് കൊച്ച് തമാശകളും, ഞങ്ങളുടെ വഴക്കുകളും.
തീവണ്ടിയുടെ ചൂളം വിളി പെട്ടെന്ന് കാതിലേക്ക് ഓടി എത്തി. അമ്മുവും അപ്പുവും പിന്നാലെ ഞങ്ങളും പറമ്പിലൂടെ ഓടി റെയില്‍വേ പാളത്തിന്റെ അരികില്‍ എത്തി. മിന്നല്‍ വേഗത്തില്‍ ഓടുന്ന വണ്ടിയുടെ ഉള്ളില്‍ കണ്ട പല മുഖങ്ങള്‍ക്കും ഞങ്ങള്‍ ടാറ്റാ നല്കി.
കാര്‍മേഘവും പെയ്ത്തും എല്ലാം കഴിഞ്ഞു. ദിവസങ്ങളും ഓടിമറഞ്ഞു. അവധിക്കാലം കടന്നുപോയിക്കൊണ്ടിരുന്നു. പതിവുകള്‍ തെറ്റിക്കാതെ പൊതിയുമായി വരുന്ന അത്തയും സെയ്നാമ്മയും ആയിരുന്നു ഞങ്ങളുടെ ലോകം.
ആരോ ശക്തമായി തോളില്‍ തട്ടിയതും ഞാന്‍ ഞെട്ടി ഉണര്‍ന്നു. ‘ഇന്നല്ലേ നാട്ടിലേക്കുള്ള ഫ്ളൈറ്റ്…?’ അനു ചേച്ചിയാണ്.
‘അതെ’ ഒരു ചെറുപുഞ്ചിരിയോടെ ഞാനും പറഞ്ഞു.
ഫോണിലെ ഗ്യാലറിയില്‍ സൂക്ഷിച്ചു വെച്ച ഒരു ചിത്രം എടുത്ത് ഞാന്‍ സൂക്ഷിച്ചു നോക്കി. ഒരു പുതപ്പിന്റെ കീഴില്‍ ഉറങ്ങിയിരുന്നവര് ഇന്ന് ലോകത്തിന്റെ പല കോണുകളിലാണ്.
എന്നെ സ്വീകരിക്കാന്‍ പപ്പ എയര്‍പോട്ടില്‍ വന്നിരുന്നു.
പതിവ് തെറ്റിക്കാതെ ഞാന്‍ എന്റെ കൊച്ച് പൊതിയുമായി എത്തിയത് മൈലാഞ്ചി ചെടിയുടെ തണലില്‍ സെയ്നമ്മാടെ കൈകള്‍ പിടിച്ച് ഉറങ്ങുന്ന അത്താടെ അടുത്തേക്ക് ആയിരുന്നു.
ഒരു പക്ഷേ കാലം മായ്ച്ചു കളഞ്ഞേക്കാം. എന്നാല്‍ മനസ്സിന് മായ്ക്കാന്‍ സാധിക്കാത്ത ഒന്നാണ് ഓര്‍മ്മകള്‍. മധുരം ഊറുന്ന ആ അവധിക്കാലം നിറകണ്ണുകളോടെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.