ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വൈദ്യുതി ഗ്രിഡ് സാധ്യത പഠനം നടക്കുന്നതായി മോദി, ഇന്ന് നിർണായക ചർച്ചകൾ

ജിദ്ദ: ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വൈദ്യുതി ഗ്രിഡ് സാധ്യത പഠനം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിദ്ദയിലെത്തിയ നരേന്ദ്ര മോദി അറബ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറിലധികം രാജ്യങ്ങൾക്ക് പ്രതിരോധ സാമഗ്രികൾ നൽകുന്ന രാജ്യമായി ഇന്ത്യ വളർന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ പ്രതിരോധ സാമഗ്രി ഉത്പാദനത്തിലേക്ക് സൗദി നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് ഇടനാഴി ഈ നൂറ്റാണ്ടിലെ സിൽക്ക് റൂട്ട് ആയി മാറുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് – ഉംറ തീർത്ഥാടകാർക്ക് നൽകുന്ന സൗകര്യങ്ങളിൽ സൗദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.  ഇന്ത്യ – സൗദി ഉഭയകക്ഷി വ്യാപാര കരാറിനുള്ള സാധ്യതയുമുണ്ട്.  

Read Also – സൗദിയുടെ ആകാശത്ത് മോദിക്ക് രാജകീയ വരവേൽപ്പ്, അകമ്പടിയായി റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, വീഡിയോ

സൗദിയുടെ വിഷന്‍ 20230യും ഇന്ത്യയുടെ വികസിത ഭാരതവും ഏതാണ്ട് ഒരേ നയങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നും വികസിത ഭാരതത്തിന്‍റെ അവസരങ്ങള്‍ നേടാൻ സൗദി കമ്പനികളെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. ഇന്ത്യ – ജിസിസി സ്വതന്ത്ര വ്യാപാര കരാർ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ‘വികസിത ഭാരതം ‘പദ്ധതി തുറക്കുന്ന അവസരങ്ങളിലേക്ക് സൗദി കമ്പനികളെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു.  തീവ്രവാദം , തീവ്രവാദ ഫണ്ടിങ്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് എതിരായ സുരക്ഷ സഹകരണത്തിൽ വലിയ പുരോഗതി ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ന് ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ- സൗദി സ്ട്രാറ്റിജിക് കൗൺസിൽ യോഗം, ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച്ച ഉൾപ്പടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ഇന്ത്യയും സൗദിയും തമ്മിൽ പ്രധാനപ്പെട്ട കരാറുകളുടെയും സഹകരണത്തിന്റെയും  പ്രഖ്യാപനങ്ങളും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin