സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല് മലയാളികൾ
ദില്ലി: സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.
ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്. മാളവിക ജി നായർ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകൾ.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 318 പേരും എസ്സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും.