1261 കോടിയിൽ നിന്ന് 585 കോടിയിലേക്ക്! മാര്‍ച്ചിൽ ഇന്ത്യൻ ബോക്സ് ഓഫീസിനെ വീഴാതെ കാത്തത് മോഹൻലാലും സൽമാൻ ഖാനും

ഹോളിവുഡ് കഴിഞ്ഞാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ സിനിമാ വ്യവസായം ഇന്ത്യയിലാണ്. ഇന്ത്യന്‍ സിനിമയെന്നാല്‍ ഒരു കാലത്ത് ബോളിവുഡ് മാത്രം ആയിരുന്നെങ്കില്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമകള്‍ക്കും ബിസിനസില്‍ ഏറെ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ മാര്‍ച്ച് മാസത്തെ റിലീസുകളിലൂടെ ഇന്ത്യന്‍ സിനിമ ആകെ നേടിയ കളക്ഷന്‍ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടേതാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ബോക്സ് ഓഫീസിനെ സംബന്ധിച്ച് ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം നടത്തിയ മാസമായിരുന്നു മാര്‍ച്ച്. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകളുടെ ആകെ കളക്ഷന്‍ ജനുവരിയില്‍ 1022 കോടിയും ഫെബ്രുവരിയില്‍ 1261 കോടിയും ആയിരുന്നെങ്കില്‍ മാര്‍ച്ചില്‍ അത് 585 കോടി മാത്രമായി ചുരുങ്ങി. അത്രയെങ്കിലും എത്താന്‍ സഹായിച്ചത് രണ്ട് ചിത്രങ്ങളാണ്. മോഹന്‍ലാല്‍ നായകനായ എമ്പുരാനും സല്‍മാന്‍ ഖാന്‍റെ സിക്കന്ദറും. അതില്‍ത്തന്നെ മാര്‍ച്ചില്‍ റിലീസ് ചയ്ത ഇന്ത്യന്‍ സിനിമകളില്‍ത്തന്നെ ഏറ്റവും വലിയ കളക്ഷന്‍ എമ്പുരാന്‍റെ പേരിലാണ്. ഓര്‍മാക്സിന്‍റെ കണക്കനുസരിച്ച് 129 കോടിയാണ് എമ്പുരാന്‍റെ ഇന്ത്യന്‍ കളക്ഷന്‍. സിക്കന്ദറിന്‍റേത് 122 കോടിയും. ഓര്‍ക്കുക, ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ് ഇവ.

മാര്‍ച്ച് മാസത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം തെലുങ്കില്‍ നിന്നാണ്. നര്‍ണേ നിഥിന്‍ നായകനായ തെലുങ്ക് ചിത്രം മാഡ് സ്ക്വയര്‍ ആണ് അത്. 60 കോടിയാണ് മാഡ് സ്ക്വയറിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. വിക്രത്തിന്‍റെ വീര ധീന ശൂരന്‍ 2 ആണ് നാലാം സ്ഥാനത്ത്. 51 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. കോര്‍ട്ട്: സ്റ്റേറ്റ് വേഴ്സസ് നോബഡിയാണ് അഞ്ചാമത്. 49 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം.

ലൂസിഫറിന്‍റെ സീക്വല്‍ എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് എമ്പുരാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു. അതേസമയം നോണ്‍ തിയട്രിക്കല്‍ വരുമാനവും ചേര്‍ത്ത് ചിത്രത്തിന്‍റെ ആകെ വരുമാനം 325 കോടിയാണ്. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചതാണ് ഇത്. ശ്രീ ഗോകുലം മൂവീസും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ALSO READ : ‘കേക്ക് സ്റ്റോറി’ സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin