അടുത്ത ഏകദിന ലോകകപ്പിനുള്ള പദ്ധതികളെല്ലാം പാളി! അഭിഷേക് നായരോട് നന്ദി പറഞ്ഞ് രോഹിത് ശര്‍മ
മുംബൈ: ബിസിസിഐ പുറത്താക്കിയ ഇന്ത്യന്‍ സഹപരിശീലകന്‍ അഭിഷേക് നായര്‍ക്ക് നന്ദി പറഞ്ഞ് രോഹിത് ശര്‍മ. ചെന്നൈയ്‌ക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ചിത്രം പങ്കുവച്ചാണ് രോഹിത് അഭിഷേക് നായര്‍ക്ക് നന്ദി അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അഭിഷേക് നായര്‍ക്ക് നന്ദി പറഞ്ഞ് രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യം വച്ച് ബാറ്റിങ്, ഫിറ്റ്‌നസ് കാര്യങ്ങളില്‍ രോഹിത് അഭിഷേകിനൊപ്പം പ്രത്യേക പദ്ധതി തയാറാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഐപിഎലില്‍ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയ രോഹിതിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഹൈദരബാദിനെതിരെ 26 റണ്‍സെടുത്തതോടെ ഹിറ്റ്മാന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആരാധകര്‍ ആശ്വസിച്ചു. അന്നത്തെ മത്സരത്തിന് മുന്നോടിയായി രോഹിത് വാംഖഡെയില്‍ അഭിഷേകിനൊപ്പം പരിശീലനം നടത്തിയിരുന്നു. പിന്നാലെയാണ് ചൈന്നൈയ്‌ക്കെതിരെ 76 റണ്‍സിന്റെ മിന്നും പ്രകടനം.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു അഭിഷേക്. അതിനാല്‍ തന്നെ ഇനി എങ്ങനെ രോഹിത് അഭിഷേകിനൊപ്പം പരിശീലിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍. രോഹിത് മാത്രമല്ല ടീം ഇന്ത്യയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ബാറ്റിങ്ങ് പരിശീലനത്തിന് അഭിഷേക് നായരെ ആശ്രയിക്കുന്ന താരങ്ങളാണ്.
ടീമിനൊപ്പം ചേര്‍ന്നത് മുതല്‍ ബാറ്റിങ് പരിശീലനത്തിന് അഭിഷേകിനെ ആശ്രയിക്കാറുണ്ടെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന താരങ്ങളുള്‍പ്പടെ പലര്‍ക്കും അഭിഷേകിനെ മാറ്റിയതില്‍ എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിഷേക് നായര്‍ കഴിഞ്ഞ ദിവസം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റേഡൈഴ്സിനൊപ്പം ചേര്‍ന്നിരുന്നു. ഒഴിവാക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം കൊല്‍ക്കത്ത ക്യാംപിലുണ്ടായിരുന്നു. കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.