ബജറ്റ് 7 കോടി, ബോക്സ് ഓഫീസില്‍ ബോംബ്, പിന്നീട് ലഭിച്ചത് 100 കോടി കാഴ്ചകള്‍! ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രം

ഒരുകാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ എളുപ്പത്തില്‍ ഉപയോഗിച്ചിരുന്ന കണക്ക് അവ തിയറ്ററില്‍ ഓടിയ കാലയളവ് ആയിരുന്നു. സമീപകാലത്ത് അതിന്‍റെ സ്ഥാനത്ത് ബോക്സ് ഓഫീസ് കണക്കുകളും വന്നു. എന്നാല്‍ പരമ്പരാഗത തിയറ്റര്‍ കാഴ്ചയ്ക്ക് പുറത്ത് ടെലിവിഷനിലും ഒടിടി പ്ലാറ്റ്‍ഫോമുകളിലും യുട്യൂബിലുമൊക്കെയായി സിനിമകള്‍ക്ക് വലിയ പ്രദര്‍ശന സാധ്യതയാണ് ഇന്ന് ഉള്ളത്. തിയറ്ററുകളില്‍ ജനം തള്ളിക്കളഞ്ഞ പല പഴയ ചിത്രങ്ങളും ഈ പുതുകാല പ്ലാറ്റ്‍ഫോമുകളില്‍ ജനപ്രീതി നേടുന്നതിനും സിനിമാലോകം സാക്ഷിയാവുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു ചിത്രം ബോളിവുഡില്‍ നിന്നാണ്. 

ഇ വി വി സത്യനാരായണയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ അച്ഛനും മകനുമായി എത്തിയ സൂര്യവംശം എന്ന ചിത്രമാണ് അത്. ശരത് കുമാറിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിക്രമന്‍ സംവിധാനം ചെയ്ത ഇതേപേരിലുള്ള തമിഴ് ചിത്രത്തിന്‍റെ (1997) റീമേക്ക് ആയിരുന്നു ഹിന്ദി സൂര്യവംശം. 1999 ലാണ് ഹിന്ദി ചിത്രം പുറത്തെത്തിയത്. 7 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും തിയറ്ററില്‍ വിജയമായില്ല. ആഗോള ബോക്സ് ഓഫീസില്‍ 12.65 കോടി മാത്രം നേടിയ ചിത്രത്തിന് ബ്രേക്ക് ഈവന്‍ ആവാന്‍ ആയില്ല. എന്നാല്‍ ടെലിവിഷനിലേക്ക് എത്തിയതോടെ ചിത്രത്തിന്‍റെ വിധി മാറാന്‍ തുടങ്ങി.

സോണി മാക്സിലൂടെ (അന്ന് സെറ്റ് മാക്സ്) ആയിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. എണ്ണമറ്റ പ്രദര്‍ശനങ്ങള്‍ ഈ ചാനലില്‍ ചിത്രത്തിന്‍റേതായി പിന്നീട് ഉണ്ടായിട്ടുണ്ട്. 44 ലക്ഷം കാഴ്ചകളൊക്കെയാണ് പലപ്പോഴും ചിത്രത്തിന്‍റെ ആവര്‍ത്തിച്ചുള്ള ടിവി സംപ്രേഷണങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ഇതുവരെ നോക്കിയാല്‍ 25- 30 കോടി പേര്‍ ടെലിവിഷനിലൂടെ ചിത്രം കണ്ടിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമാണ്. അവിടെയും കാര്യമായ കാഴ്ചകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

യുട്യൂബിലെ കാഴ്ചകളാണ് ചിത്രത്തിന്‍റെ ജനപ്രീതിയുടെ മറ്റൊരു തെളിവ്. ഗോള്‍ഡ്‍മൈന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് തങ്ങളുടെ മൂന്ന് ചാനലുകളില്‍ ചിത്രം അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നും നിന്നായി 70 കോടി കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അതായത് മറ്റ് പ്ലാറ്റ്‍ഫോമുകളും ചേര്‍ത്ത് ഏറ്റവും ചുരുങ്ങിയത് 100 കോടിയില്‍ അധികം പേര്‍ ചിത്രം ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ട്. എക്കാലത്തെയും വലിയ തിയറ്റര്‍ വിജയങ്ങളായിരുന്ന ഷോലെ, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ബാഹുബലി എന്നിവയ്ക്കൊന്നും തിയറ്ററിന് പുറത്ത് ഇത്രയും കാഴ്ചകള്‍ നേടാനായിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.

ALSO READ : ‘കേക്ക് സ്റ്റോറി’ സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

By admin