മലപ്പുറം: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ പിവി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.
കേരള പാര്‍ട്ടി വേണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നാളത്തെ കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കിൽ അൻവറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും എത്തിയേക്കും. പിവി അൻവറിനെ മുന്നണിയിലെടുത്താൽ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം.
പിവി അൻവറുമായി തല്‍ക്കാലം സഹകരണം മതിയെന്ന അഭിപ്രായം യുഡിഎഫിൽ ശക്തമാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നാളെ അൻവറുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളത്തെ കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് നിലപാട് പിവി അൻവറിനെ അറിയിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും.