മീനും കൂട്ടി ചോറുണ്ണവേ മുളകുപൊടി കണ്ണിലെറിഞ്ഞ് തുരുതുരാ കുത്തി; മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

ബെംഗളൂരു: കർണാടക ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇവർ കൊലപാതക രീതി വിവരിച്ചത്. ഓംപ്രകാശ് ഭക്ഷണം കഴിക്കാനായി മീൻ പൊരിച്ചത് ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. മീൻ എത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുളകുപൊടി കണ്ണിൽ വിതറിയായിരുന്നു ആക്രമണം. എണ്ണപാത്രം കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് കഴുത്തിലടക്കം 12 തവണ കുത്തി. 

 ഭാര്യയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടിൽവെച്ചായിരുന്നു കൊലപാതകം. അച്ഛനെ കൊലപ്പെടുത്താൻ അമ്മയും സഹോദരിയും ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതായി മകൻ കാർത്തികേശ് പൊലീസിന് പരാതി നൽകിയിരുന്നു. കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പല്ലവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീട്, ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറി.

പ്രധാന പ്രതി പല്ലവി ഗാർഹിക പീഡനത്തിന് ഇരയായെന്നും അവർ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത മകൾ കൃതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും  മകൾ വിഷാദത്തിലായിരുന്നുവെന്നും ഇവർ പറഞ്ഞു. മകളെ കസ്റ്റഡിയിൽ നിന്ന് പൊലീസ് വിട്ടയച്ചു.

അതേസമയം, ഒരാഴ്ചയായി അമ്മ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് മകൻ പൊലീസിനോട് പറഞ്ഞു. ഭീഷണിയെ തുടർന്ന് മറ്റൊരു സഹോദരി സരിത കുമാരിയുടെ വീട്ടിലേക്ക് താമസം മാറാൻ പ്രേരിപ്പിച്ചതായും 39 കാരനായ കാർത്തികേശ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പ്രകാശിനെ വീട്ടിലേക്ക് മടങ്ങാൻ കൃതി പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

By admin