വെള്ളി പാദസരം കവരാൻ ഈ കൊടുംക്രൂരത? 24 മണിക്കൂറിൽ കുറ്റവാളിയെ പിടിക്കണം, എന്നിട്ടേ പിന്മാറൂവെന്ന് നാട്ടുകാർ
ജയ്പൂർ: രണ്ട് കണങ്കാലുകളും മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി. സ്ത്രീയുടെ കാലിലുണ്ടായിരുന്ന കട്ടിയുള്ള വെള്ളി പാദസരങ്ങൾ കവരാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലാണ് സംഭവം.
50 വയസ്സുള്ള ഊർമിള മീണയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഊർമിള രണ്ട് കിലോഗ്രാം ഭാരമുള്ള വെള്ളി പാദസരങ്ങൾ ധരിച്ചിരുന്നു. ഞായറാഴ്ച രാവിലെ വിറകുവെട്ടാൻ വയലിലേക്ക് പോയതായിരുന്നു ഊർമിള. രാവിലെ 11 മണിയായിട്ടും തിരിച്ചെത്തിയില്ല. കുടുംബം അന്വേഷിച്ചിറങ്ങി. കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബമൻവാസ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ ഗ്രാമത്തിൽ പ്രതിഷേധമുണ്ടായി. സ്ത്രീയുടെ മൃതദേഹം വഹിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കൊലപാതകിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് രോഷാകുലരായ നാട്ടുകാർ ആവശ്യപ്പെട്ടു. അന്വേഷണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഗ്രാമീണർ ആവർത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ റോഡിൽ നിന്ന് അനങ്ങില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.