ബൈക്ക് തടഞ്ഞപ്പോൾ വൈഷ്ണവ് ഓടി, കൂടെയുണ്ടായിരുന്ന ആദര്‍ശ് പെട്ടു, രഹസ്യം പുറത്തായി, കാറിന്റെ ഡിക്കിയിൽ കഞ്ചാവ്
തിരുവനന്തപുരം: മാർക്കറ്റിൽ മൂന്ന് ലക്ഷത്തിലേറെ വില വരുന്ന ഒമ്പത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മംഗലത്തു കോണം ചാവടി നട സ്വദേശി ആദർശ് ആണ് എക്സൈസിന്‍റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന വൈഷ്ണവ് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബാലരാമപുരം ഭാഗത്ത് വച്ച്സംശയാസ്പദമായി കണ്ട ബൈക്ക് എക്സൈസ് പരിശോധിച്ചു.
ഇതിനിടെ വൈഷ്ണവ് ഓടി രക്ഷപെടുകയായിരുന്നു. പിടിയിലായ ആദർശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈഷ്ണവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സഹോദരന്‍റെ കാറിന്‍റെ ഡിക്കിക്കുള്ളിൽ അഞ്ച് കവറുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അഞ്ച് ദിവസം മുൻപ് ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവെന്ന് ആദർശ് മൊഴി നൽകി.
വിപണിയിൽ മൂന്ന് ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.തിരുപുറം എക്സൈസ് റേഞ്ച് ഓഫീസർ രതീഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചെറിയ പൊതികളാക്കി കേരള-തമിഴ്നാട് അതിർത്തികളിലും തീരദേശത്തും വിൽപ്പന നടത്തുകയാണ് പതിവ്. ആദർശ് മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.