പവര്‍ പ്ലേയിൽ കൊൽക്കത്തയ്ക്ക് തിരിച്ചടി; ഓപ്പണര്‍മാര്‍ മടങ്ങി

കൊൽക്കത്ത: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ കൊൽക്കത്തയ്ക്ക് 45 റൺസ് നേടുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (1), സുനിൽ നരെയ്ൻ (17) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.  

ഗുജറാത്തിന് വേണ്ടി സിറാജാണ് ബൗളിംഗിന് തുടക്കമിട്ടത്. നാലാം പന്തിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ മടക്കിയയച്ച് സിറാജ് ഗുജറാത്തിന് മേൽക്കൈ നൽകി. വെറും 2 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ നേടാനായത്. രണ്ടാം ഓവറിൽ ഇഷാന്ത് ശര്‍മ്മയ്ക്ക് എതിരെ അജിങ്ക്യ രഹാനെയും സുനിൽ നരെയ്നും ഓരോ ബൗണ്ടറികൾ നേടി ടീം സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറിൽ വീണ്ടും മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജിന്‍റെ അവസാന പന്ത് രഹാനെ ബൗണ്ടറി കടത്തി. മൂന്ന് ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 1 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ്. 

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ നാലാം ഓവറിൽ രഹാനെ രണ്ട് ബൗണ്ടറികൾ നേടി. തൊട്ടടുത്ത ഓവറിൽ സിറാജിനെ കടന്നാക്രമിച്ച് സുനിൽ നരെയ്ൻ ഈഡൻ ഗാര്‍ഡൻസിനെ ആവേശത്തിലാക്കി. ആദ്യ പന്തിൽ ബൗണ്ടറി നേടിയ നരെയ്ൻ രണ്ടാം പന്തിൽ സിക്സറും നേടി. പവര്‍ പ്ലേയുടെ അവസാന ഓവറിൽ റാഷിദ് ഖാനെ പന്തേൽപ്പിച്ച നായകൻ ഗില്ലിന്‍റെ തന്ത്രം വിജയിച്ചു. മൂന്നാം പന്തിൽ അപകടകാരിയായ സുനിൽ നരെയ്നെ റാഷിദ് ഖാൻ പുറത്താക്കി. 13 പന്തിൽ 17 റൺസ് നേടാനെ നരെയ്ന് കഴിഞ്ഞുള്ളൂ. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ വെങ്കടേഷ് അയ്യര്‍ (1), അജിങ്ക്യ രാഹനെ (22) എന്നിവരാണ് ക്രീസിൽ.

READ MORE: ഈഡനിൽ ഗില്ലാട്ടം, അര്‍ദ്ധ സെഞ്ച്വറിയുമായി സായ് സുദര്‍ശൻ; ഗുജറാത്തിന് മികച്ച സ്കോര്‍ 

By admin