ആരാകും ഫ്രാൻസിസ് മാർപ്പാപ്പയുടെ പിന്‍ഗാമി? മാർപ്പാപ്പ പദവി ഏഷ്യയിലേക്ക് എത്തുമോ? സാധ്യത ഇവർക്ക്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ വേദനയിലാണ് ലോകത്തെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ. മാർപാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. 

 ഫ്രാൻസിസ് മാർപ്പാപ്പയുടെ പിന്‍ഗാമിയായി ആരാകും? സാധ്യതയുള്ളവർ ഇവരാണ്. 

ഫ്രാൻസിസ് മാർപ്പാപ്പ 88-ാം വയസ്സിൽ അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആരാകും എന്ന ചർച്ചകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ‘പാപ്പാബിലി’ അഥവാ പാപ്പായാകാനുള്ള സാധ്യതയുള്ളവരെന്ന നിലയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന പേരുകൾ ഇവരുടേതാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്  റിപ്പോർട്ട് ചെയ്യുന്നത്.

ജീൻ മാർക്ക് അവെലിൻ (66)

ഫ്രാൻസിലെ മാർസെയിലെ ആർച്ച്‌ബിഷപ്പാണ് 66കാരനായ ജീൻ മാർക്ക് അവെലിൻ. ജോൺ 24ാമൻ മാർപ്പാപ്പയെ ഓർമ്മിക്കുന്ന മുഖഭാവവും, കുടിയേറ്റം, ഇസ്ലാമിക ബന്ധങ്ങൾ എന്നിവയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടുകളുമായി സാമ്യമുള്ള ആർച്ച് ബിഷപ്പാണ് ജീൻ മാർക്ക് അവെലിൻ

പീറ്റർ എർഡോ (72)

 ഹംഗറിയിലെ കർദ്ദിനാളാണ് 72കാരനായ പീറ്റർ എർഡോ.  പരമ്പരാഗത കത്തോലിക്കൻ നിയമങ്ങളിൽ ഉറച്ച് നിൽക്കുന്ന കൺസെർവേറ്റീവ് ക്യാംപിന്റെ ഭാഗമാണെങ്കിലും ഫ്രാൻസിസ് മാർപ്പാപ്പയുമായി ആശയങ്ങളുമായി യോജിക്കാൻ പീറ്റർ എർഡോയ്ക്ക് സാധിച്ചിരുന്നു. 2013ൽ മാർപ്പാപ്പ സ്ഥാനത്തേക്ക് പീറ്റർ എർഡോയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു. 

മാരിയോ ഗ്രെക് (68)

മാൾട്ടയിലെ കർദ്ദിനാളാണ് 68കാരനായ മാരിയോ ഗ്രെക്. പോപ്പ് ഫ്രാൻസിസിന്റെ നവീകരണ ദർശനവുമായി ഒരുമിച്ച് പോകുന്ന കർദ്ദിനാളാണ് മാരിയോ. സിനഡ് ഓഫ് ബിഷപ്പ്സിലെ സെക്രട്ടറി ജനറൽ കൂടിയാണ് മാരിയോ. വത്തിക്കാനിലെ തന്നെ ഭാരമേറിയ ചുമതലകളിലൊന്നാണ് സിനഡ് ഓഫ് ബിഷപ്പ്സിലെ സെക്രട്ടറി ജനറൽ സ്ഥാനം. 

ജുവാൻ ജോസ് ഒമെല്ല (79)

സ്പെയിനിലെ കർദ്ദിനാളാണ് 79കാരനാണ് ജുവാൻ ജോസ് ഒമെല്ല. സാമൂഹ്യ നീതിയിൽ ഊന്നിയുള്ള കത്തോലിക്കാ നിലപാടുകളാണ് ജുവാൻ ജോസ് ഒമെല്ലയ്ക്കുള്ളത്. സ്പെയിനിലെ ബിഷപ്സ് കോൺഫറൻസിലെ മുൻ പ്രസിഡന്റ് കൂടിയാണ് ജുവാൻ ജോസ് ഒമെല്ല. സഭാ സ്ഥാപനങ്ങളിലെ ലൈംഗിക അതിക്രമ സംഭവങ്ങളിലും ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്ത രീതിയിലും പരസ്യമായി ക്ഷമാപണം നടത്തിയ കർദ്ദിനാൾ കൂടിയാണ് ജുവാൻ ജോസ് ഒമെല്ല. 

പിയെട്രോ പരോളിൻ (70)

 ഇറ്റാലിയൻ കർദ്ദിനാളാണ് 70 കാരനായ പിയട്രോ പരോളിൻ. നിലവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് പിയെട്രോ. 2013ൽ ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനത്തിലേറ്റെടുത്തത് മുതൽ മാർപ്പാപ്പയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയാണ് പിയട്രോ കൈകാര്യം ചെയ്യുന്നത്.  ചൈനയും വിയറ്റ്നാമുമായുള്ള  വത്തിക്കാന്റെ നവീകൃത നിലപാടിലെ ബന്ധം പുലർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കർദ്ദിനാൾ പിയെട്രോയാണ്.

ലൂയിസ് ആന്റോണിയോ ടാഗ്ലെ (67)

ഫിലിപ്പീൻസിലെ കർദ്ദിനാളാണ് 67കാരനായ ലൂയിസ് ആന്റോണിയോ. ഏഷ്യൻ ഫ്രാൻസിസ് എന്ന പേരിലാണ്  ലൂയിസ് ആന്റോണിയോ ടാഗ്ലെ അറിയപ്പെടുന്നത്. 2012ൽ ബെനഡിക്ട് മാർപ്പാപ്പയാണ് ലൂയിസ് ആന്റോണിയോ ടാഗ്ലെയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. 

ജോസഫ് ടോബിൻ (72)

ന്യൂജേഴ്സിയിലെ നെവാർക്കിലെ ആർച്ച് ബിഷപ്പാണ് 72കാരനായ   കർദ്ദിനാൾ  ജോസഫ് ടോബിൻ. മാർപാപ്പ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ അമേരിക്കക്കാരനാണ് ജോസഫ് ടോബിൻ. സെമിനാരികളിലെ ലൈംഗിക അപവാദക്കേസുകളിൽ 2018ൽ സഭയിൽ നിന്ന് നീക്കിയ കർദ്ദിനാൾ തിയഡോർ മക് കാരിക്കുമായുള്ള അടുപ്പം ജോസഫ് ടോബിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. 

പീറ്റർ ടർക്ക്സൺ (76)

ഘാനയിലെ കർദ്ദിനാളാണ് പീറ്റർ ടർക്ക്സൺ. 1992ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപാപ്പയാണ് പീറ്റർ ടർക്ക്സണെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സബ് സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയെന്ന സാധ്യതയാണ്  പീറ്റർ ടർക്ക്സണ്റെ പേര് ചർച്ച ചെയ്യുന്നതിൽ കാരണമാകുന്നത്. 2016ൽ ഫ്രാൻസിസ് മാർപ്പാപ്പ പീറ്റർ ടർക്ക്സണ്റെ നീതിന്യായ വകുപ്പ് മറ്റ് മൂന്ന് ഓഫീസുകളിലേക്ക് ലയിപ്പിച്ചത് വലിയ ചർച്ചകളും അധികാര പോരിലേക്കും നയിച്ചിരുന്നു. ഇതിന് പിന്നാലെ 2021ൽ പീറ്റർ ടർക്ക്സൺ മാർപ്പാപ്പയുടെ നീതി സമാധാന ഉപദേശകൻ പദവി രാജി വച്ചൊഴിഞ്ഞിരുന്നു.  

മാറ്റിയോ സുപ്പി (69)

ഇറ്റലിയിലെ ബോളോഗ്നയിലെ ആർച്ച് ബിഷപ്പാണ് 69കാരനായ മാറ്റിയോ മരിയ സുപ്പി. 2015ൽ ആർച്ച് ബിഷപ്പായ മാറ്റിയോ മരിയ സുപ്പി ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇറ്റാലിയൻ പതിപ്പെന്ന പേരിലാണ് അറിയപ്പെടുന്നത്. 

80 വയസ്സിനു താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക. ലോകത്തെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാകും. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ 4 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നുണ്ട്.

കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 6 കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സുള്ള കർദിനാൾ ഓസ്‌വാൾ‍ഡ് ഗ്രേഷ്യസും 79 വയസ്സുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin