ചിന്നക്കടയിൽ ബസ് കാത്തുനിന്ന അച്ഛനും മകനും; ‘മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് മർദനം’; എസ്ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് എസ്.എ സുമേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡറുകളെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ പരാതി ലഭിച്ചിരുന്നു. 

ഇന്ന് പുലര്‍ച്ചെ ചിന്നക്കടയില്‍ ബസ് കാത്തുനിന്ന കരിക്കോട് സ്വദേശികളായ നാസറിനെയും മകന്‍ സെയ്ദിനെയും ഈസ്റ്റ് എസ്.ഐ ടി.സുമേഷ് കാരണമില്ലാതെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ അന്വേഷണത്തില്‍ എസ്ഐയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. എസിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്‍ എസ്.ഐ സുമേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കൊല്ലം എസിപിക്കാണ് അന്വേഷണ ചുമതല. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് കോണ്‍ഗ്രസ് കരിക്കോട് ഡിവിഷന്‍ പ്രസിഡന്‍റ് കൂടിയായ നാസര്‍ പറയുന്നു.

അച്ഛനെ മര്‍ദ്ദിച്ചപ്പോള്‍ തടഞ്ഞതിനായിരുന്നു തനിക്ക് നേരേയുള്ള ആക്രമണമെന്ന് കെഎസ്‍യു ജില്ലാ ജനറല്‍ സെക്രട്ടറിയായ സെയ്ദ് പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ചും എസ്ഐയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചെന്നായിരുന്നു മകന്‍റെ പരാതി. മദ്യലഹരിയില്‍ ആണ് എസ്ഐ അച്ഛനെയും മകനെയും മര്‍ദ്ദിച്ചതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ പരാതിയുണ്ട്. 

By admin