നായകന്‍റെ പ്രതിഫലത്തിനും താഴെ കളക്ഷന്‍; തിയറ്ററുകളില്‍ ദുരന്തമായി ആ ചിത്രം

ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന മേഖലകളിലൊന്നാണ് സിനിമാ മേഖല, വിശേഷിച്ചും താരങ്ങള്‍ക്ക്. കരിയറിന്‍റെ തുടക്കകാലത്ത് ജയ പരാജയങ്ങളാണ് ആ പ്രതിഫലം തീരുമാനിക്കുന്നത്. അതിനാല്‍ത്തന്നെ തുടര്‍ച്ചയായി വിജയങ്ങളുടെ ഭാഗമാവുകയാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുന്നതും. എന്നാല്‍ പ്രതിഫലം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെടുന്നത് യുവതാരങ്ങള്‍ത്ത് വലിയ ക്ഷീണമാവും. അത്തരത്തില്‍ ഒരു മോശം സമയമാണ് തെലുങ്ക് യുവതാരം സിദ്ദു ജൊന്നലജഡ്ഡയ്ക്ക്. 

കരിയറിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക വിജയങ്ങള്‍ അടുത്തടുത്ത് സംഭവിച്ചതിന്‍റെ ആഹ്ലാദത്തിലായിരുന്നു ഈ താരം. 2009 മുതല്‍ ചെറിയ വേഷങ്ങളിലൂടെ സിനിമയിലുള്ള സിദ്ദു പിന്നാലെ സജീവമായി. കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയങ്ങളാണ് അടുത്തിടെ അദ്ദേഹത്തിന് അടുപ്പിച്ച് ലഭിച്ചത്. 2022 ല്‍ പുറത്തെത്തിയ ഡിജെ ടില്ലുവും 2024 ല്‍ പുറത്തിറങ്ങിയ ടില്ലു സ്ക്വയറുമായിരുന്നു ആ ചിത്രങ്ങള്‍. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചു. എന്നാല്‍ തൊട്ടടുത്തെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായി മാറുകയും ചെയ്തു.

ബൊമ്മരില്ലു ഭാസ്കറിന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ ജാക്ക് എന്ന ചിത്രമാണ് അത്. മറ്റനേകം ചിത്രങ്ങള്‍ക്കൊപ്പം ഈദ് റിലീസ് ആയി ഏപ്രില്‍ 10 നാണ് ചിത്രം എത്തിയത്. സ്പൈ ആക്ഷന്‍ കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യദിനം ചില കോണുകളില്‍ നിന്ന് സമ്മിശ്ര അഭിപ്രായം ലഭിച്ചെങ്കിലും പിന്നീട് ബോക്സ് ഓഫീസില്‍ തകര്‍ന്നു. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 7.77 കോടിയാണ്. സമീപകാല വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തിനായി സിദ്ദു ജൊന്നല​ഗഡ്ഡ വാങ്ങിയ പ്രതിഫലം 10 കോടി ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്ര പോലും എത്താത്ത കളക്ഷന്‍ നിര്‍മ്മാതാക്കള്‍ക്ക് ദുസ്വപ്നം ആവുകയാണ്. 

ശ്രീ വെങ്കടേശ്വര സിനി ചിത്രയുടെ ബാനറില്‍ ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1986 മുതല്‍ നിര്‍മ്മാണ രം​ഗത്തുള്ള കമ്പനിയാണ് ഇത്. ഏറെയും ചെറിയ മുതല്‍മുടക്കിലുള്ള ചിത്രങ്ങളാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം തെലുസു കടയാണ് സിദ്ദു ജൊന്നല​ഗഡ്ഡയുടെ അടുത്ത ചിത്രം. നീരജ കോനയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 

ALSO READ : മതങ്ങള്‍ക്ക് അതീതമായ മാനവികത; ‘ഹിമുക്രി’ ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin