ഒറ്റ ക്ഷണക്കത്ത്, ഒരേ വേദിയിൽ 6 മണ്ഡപങ്ങൾ, ഒരൊറ്റ കുടുംബത്തിലെ ആറ് പേരുടെ വിവാഹം ഒരുമിച്ച്
വലിയ ആഘോഷമായിട്ടാണ് ഇന്ന് പല വിവാഹങ്ങളും നടക്കാറ്. വൻതുകയാണ് മിക്കവരും കല്ല്യാണങ്ങൾക്ക് വേണ്ടി ചിലവിടാറുള്ളതും. എന്നാൽ, അതേസമയത്ത് ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു കുടുംബം നടത്തിയ വിവാഹമാണ് ഇപ്പോൾ വാർത്തയായി മാറുന്നത്.
ഗവാർ ഗ്രാമത്തിൽ, രാജേഷ് പുനിയ, അമർ സിംഗ് പുനിയ എന്നീ രണ്ട് കർഷക സഹോദരന്മാർ അവരുടെ ആറ് കുട്ടികളുടെയും വിവാഹങ്ങൾ ഒരുമിച്ച് നടത്തുകയായിരുന്നു. രണ്ട് ദിവസത്തെ ആഘോഷമാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്.
ഏപ്രിൽ 18 -നാണ് പുനിയ കുടുംബത്തിലെ രണ്ട് ആൺമക്കളുടെ വിവാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചത്. അടുത്ത ദിവസം, കുടുംബത്തിലെ നാല് പെൺമക്കളുടെയും വിവാഹം അതിന് സമാനമായ ചടങ്ങിൽ നടക്കുകയായിരുന്നു. ആറ് വിവാഹങ്ങൾ ഒരുമിച്ച് നടത്തുക എന്നത് നമുക്ക് ചിന്തിക്കാനാവില്ല അല്ലേ? അതേ, ഈ അപൂർവമായ വിവാഹവും അവിടെയുള്ള ആളുകളുടെയും ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യൽ മീഡിയയിലും ഇത് വ്യാപകമായ ശ്രദ്ധ നേടി.
പ്രസ്തുത വിവാഹത്തിലൂടെ ചെലവ് ചുരുക്കുക മാത്രമല്ല, ഒരുത്സവം പോലെയാണ് വിവാഹാഘോഷം നടന്നത് എന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. “ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്, ഞങ്ങളുടെ കുട്ടികളും ഒരുമിച്ച് തന്നെയാണ് വളർന്നത്. ഇപ്പോഴിതാ അവർ ഒരുമിച്ച് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു” എന്നാണ് രാജേഷ് പുനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഒറ്റ കുടുംബമായി, ഒരു വലിയ ആഘോഷത്തോടെ ഈ വിവാഹങ്ങൾ ആഘോഷിക്കുന്നത് കുടുംബത്തിന് വലിയ കാര്യം തന്നെയാണ് എന്നും രാജേഷ് പുനിയ പറഞ്ഞു.
ആറ് വിവാഹങ്ങൾക്കും വേണ്ടി ഒരൊറ്റ ക്ഷണക്കത്താണ് അച്ചടിച്ചത്. എല്ലാ ചടങ്ങുകളും ഒരേ വേദിയിൽ തന്നെ ആയിരുന്നു. ഇവിടെ അടുത്തടുത്തായി വെവ്വേറെ മണ്ഡപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. അതുപോലെ കാറ്ററിംഗ്, ഡെക്കറേഷൻ എന്നിവയുടെ ചെലവും ചുരുക്കി.
ഇങ്ങനെ ഒരുമിച്ച് ഒരു വിവാഹം നടത്തിയത് തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ലാഭിച്ചു തന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഓരോ വിവാഹവും വെവ്വേറെ നടത്തിയിരുന്നെങ്കിൽ ചെലവ് വളരെ കൂടുതലാകുമായിരുന്നു എന്നാണ് അമർ സിംഗ് പുനിയ പറഞ്ഞത്. ഓരോരോ വിവാഹവും വെവ്വേറെയായിട്ടാണ് സംഘടിപ്പിച്ചിരുന്നതെങ്കിൽ അതിന് സാമ്പത്തികമായ ചെലവുകളും അല്ലാതെയുള്ള ബുദ്ധിമുട്ടുകളും വളരെ കൂടുതൽ ആയേനെ എന്നും സഹോദരങ്ങൾ പറയുന്നു.
എന്തായാലും, ഇത് മാതൃകയാക്കാൻ കൊള്ളാവുന്ന കാര്യമാണ് എന്നാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.
ഇന്ത്യക്കാര്‍ക്ക് രോമാഞ്ചം വരും, ജോര്‍ജ്ജിയയില്‍ യുവതിയെ ഞെട്ടിച്ച് ഒരു തെരുവുകലാകാരന്‍