രാജൗലി കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലം ആര്‍ക്ക്? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന 8 സംവിധായകര്‍

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ എസ് എസ് രാജമൗലിയാണ്. തെലുങ്ക് സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ഒറ്റ ചിത്രം കൊണ്ടാണ് അദ്ദേഹം എത്തിയത്. ബാഹുബലി ആയിരുന്നു ആ ചിത്രം. ബാഹുബലി രണ്ടാം ഭാഗം അതിനേക്കാള്‍ വലിയ വിജയം ആയതോടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി അദ്ദേഹം മാറി. പിന്നീടെത്തിയ ആര്‍ആര്‍ആര്‍ പാശ്ചാത്യ സിനിമാപ്രേമികളുടെ പോലും സ്വീകാര്യതയിലേക്ക് എത്തി. ഈ താരമൂല്യമാണ് അദ്ദേഹത്തിന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തിലും പ്രതിഫലിക്കുന്നത്. 

200 കോടിയാണ് നിലവില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന് വാങ്ങുന്നത്. ഫീസ്, പ്രോഫിറ്റ് ഷെയര്‍, റൈറ്റ്സ് വില്‍പ്പനയില്‍ നിന്നുള്ള ബോണസ് എല്ലാം ചേര്‍ത്താണ് ഇത്. സിനിമ കൂടുതല്‍ കളക്റ്റ് ചെയ്യുന്നതിനനുസരിച്ച് ഷെയറും വര്‍ധിക്കും. ആര്‍ആര്‍ആറില്‍ ഇതെല്ലാം ചേര്‍ത്ത് അദ്ദേഹം വാങ്ങിയത് 200 കോടി ആയിരുന്നു. മുന്‍നിര ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പോലും 150- 180 കോടിയേ ഒരു ചിത്രത്തിന് ലഭിക്കുന്നുള്ളൂ എന്നോര്‍ക്കണം. 

അതേസമയം ഇന്ത്യന്‍ സിനിമയിലെ മറ്റ് സംവിധായകരുടെ കാര്യമെടുത്താല്‍ രാജമൗലിയുടെ പകുതി പോലും പ്രതിഫലം ലഭിക്കുന്ന മറ്റാരുമില്ല. രാജമൗലി കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന രണ്ടുപേര്‍ അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയും കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലുമാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരും ഒരു ചിത്രത്തിന് ഇരുവരും വാങ്ങുന്നത് 90 കോടി രൂപയാണ്. തൊട്ടുപിന്നിലുള്ളത് ബോളിവുഡ് സംവിധായകന്‍ രാജ്‍കുമാര്‍ ഹിറാനിയാണ്. 80 കോടിയാണ് അദ്ദേഹം ഒരു ചിത്രത്തിന് വാങ്ങുന്നത്. 

40 കോടി വച്ച് സിനിമയ്ക്ക് വാങ്ങുന്ന പല സംവിധായകരുമുണ്ട്. സുകുമാര്‍, സഞ്ജയ് ലീല ബന്‍സാലി, ലോകേഷ് കനകരാജ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവരാണ് അവര്‍. കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി തുടങ്ങിയ ബോളിവുഡ് സംവിധായകര്‍ സ്വന്തമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരാണ്. അതിനാല്‍ത്തന്നെ ഈ ലിസ്റ്റില്‍ അവര്‍ ഉള്‍പ്പെടുന്നില്ല. 

അതേസമയം കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് എസ് എസ് രാജമൗലി ഇപ്പോള്‍. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ : മതങ്ങള്‍ക്ക് അതീതമായ മാനവികത; ‘ഹിമുക്രി’ ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin