400 കോടി ബജറ്റിൽ 2 ചിത്രങ്ങൾ, ഒരേ ദിവസം റിലീസ്; നിർമ്മാതാക്കൾക്ക് നേട്ടമാവുമോ അതോ കൈ പൊള്ളിക്കുമോ ഈ സിനിമകൾ?
ഒരേ നായക നടന്‍മാരുടെ സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് മുന്‍പ് അസാധാരണമല്ലായിരുന്നുവെങ്കിലും ഇന്ന് അത് അസാധാരണമാണ്. അതേസമയം സ്വഭാവ നടന്മാരുടെ സിനിമകള്‍ അങ്ങനെ എത്താറുണ്ട്. അതേസമയം ഒരേ നിര്‍മ്മാതാക്കളുടെ ഒന്നിലധികം ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തുന്നത് എക്കാലത്തും അപൂര്‍വ്വമാണ്. അങ്ങനെയൊന്ന് ഇത്തവണത്തെ ഈദിന് നടന്നിരുന്നു. രണ്ട് വ്യത്യസ്ത ഭാഷകളിലായി നിര്‍മ്മിക്കപ്പെട്ട രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തി.
അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി, സണ്ണി ഡിയോളിനെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ജാഠ് എന്നിവയാണ് ഒരേ ദിവസം തിയറ്ററുകളിലേക്ക് എത്തിയത്. രണ്ട് ചിത്രങ്ങളുടെയും റിലീസ് ഏപ്രില്‍ 10 ന് ആയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്. ഗുഡ് ബാഡ് അഗ്ലി അവര്‍ തനിയെയാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ ജാഠില്‍ അവര്‍ക്കൊപ്പം പീപ്പിള്‍ മീഡിയ ഫാക്റ്ററി, സീ സ്റ്റുഡിയോസ് എന്നിവരും സഹനിര്‍മ്മാതാക്കളായി ഉണ്ട്.
വന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളാണ് ഇവ രണ്ടും എന്നതാണ് ഒരു പ്രത്യേകത. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുഡ് ബാഡ് അഗ്ലിയുടെ ബജറ്റ് 250- 300 കോടിയും ജാഠിന്‍റെ ബജറ്റ് 100 കോടിയുമാണ്. അതായത് ആകെ 400 കോടിയോളം. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഗുഡ് ബാഡ് അഗ്ലി നേടിയിരിക്കുന്നത് (ഏപ്രില്‍ 18 വരെ) 200 കോടിയാണ്. ജാഠ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 102.13 കോടിയും. രണ്ട് ചിത്രങ്ങളും ഇപ്പോഴും മോശമില്ലാത്ത ഒക്കുപ്പന്‍സിയിലാണ് ഓടുന്നത്. അജിത്ത് ചിത്രത്തിന് നോണ്‍ തിയട്രിക്കല്‍ റൈറ്റ്സ് ഇനത്തിലും നല്ല തുക ലഭിക്കുമെന്ന് ഉറപ്പാണ്. സണ്ണി ഡിയോള്‍ ചിത്രത്തെ സംബന്ധിച്ചും അങ്ങനെതന്നെ. ചുരുക്കി പറഞ്ഞാല്‍ ഒരേ ദിവസമെത്തിയ ഈ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മാതാക്കളുടെ കൈ പൊള്ളക്കില്ല എന്ന് മാത്രമല്ല, അന്തിമ കണക്കെടുപ്പില്‍ ലാഭകരമാവാനും സാധ്യതയുണ്ട്.
പുഷ്പ 2 അടക്കമുള്ള ചിത്രങ്ങളിലൂടെ ഒട്ടേറെ ഹിറ്റുകള്‍ മുന്‍പും സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്.
ALSO READ : മതങ്ങള്‍ക്ക് അതീതമായ മാനവികത; ‘ഹിമുക്രി’ ട്രെയ്‍ലര്‍ എത്തി