ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് ചെറിയ പ്രതിഫലം നൽകി വിശ്വാസം നേടി, പിന്നാലെ വലിയ തട്ടിപ്പ്; ഒടുവിൽ പിടിവീണു
ആലപ്പുഴ: ആലപ്പുഴയിലെ തഴക്കര സ്വദേശിയുടെ പക്കൽ നിന്നും ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ 25000 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. മഹാരാഷ്ട്ര താനെ സ്വദേശിയായ ആദിൽ അക്രം ഷെയ്ഖ് (30) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് മഹാരാഷ്ട്രയിലെ ഡോംഗ്രിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ഓൺലൈൻ ടാസ്ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ്പ് ലിങ്ക് അയച്ചുകൊടുക്കുകയും അതിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഇൻവെസ്റ്റ്മെന്‍റ് എന്ന പേരിലും പല കാരണങ്ങൾ പറഞ്ഞും പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ഇടപാടുകളിലായി 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്.
പരാതിക്കാരനിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി. ഇതേ കേസിൽ മറ്റൊരു പ്രതിയായ ഡൽഹി ഉത്തംനഗർ സ്വദേശിയായ ആകാശ് ശ്രീവാസ്തവ (28 വയസ്) എന്നയാളെ ഡൽഹി ഉത്തം നഗറിലുള്ള ബുദ്ധവിഹാർ എന്ന സ്ഥലത്തു നിന്നും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പ്രതിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ പ്രതി ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. പൊലീസ് മഹാരാഷ്ട്രയിലെ താനെയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.