5 ലക്ഷത്തില്‍ കൂടുതല്‍ കവറേജ് ഇല്ല, ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ദക്ഷിണേന്ത്യക്കാര്‍ ഇപ്പോഴും അജ്ഞര്‍
ആരോഗ്യ സംരക്ഷണ ചെലവുകളിലെ വര്‍ധനയും അത് പരിഹരിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇപ്പോഴും ഇന്ത്യക്കാര്‍ അജ്ഞരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ആസ്തികള്‍ വില്‍ക്കാനോ വായ്പകള്‍ എടുക്കാനോ ആണ് ഇപ്പോഴും ആളുകള്‍ ആലോചിക്കുന്നതെന്ന് ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവന കമ്പനിയായ പോളിസി ബസാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത ഏകദേശം 48 ശതമാനം പോളിസി ഉടമകളും 5 ലക്ഷം രൂപയോ അതില്‍ കുറവോ ആയ കവറേജാണ് തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലാണ് ഈ പ്രവണത പ്രത്യേകിച്ചും പ്രകടമാകുന്നത. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 66% പോളിസി ഉടമകള്‍ക്കും 5 ലക്ഷം രൂപയോ അതില്‍ കുറവോ ആണ് കവറേജ് . കാന്‍സര്‍, വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയകള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് 5 ലക്ഷം രൂപയില്‍ താഴെയാണ് ചിലവാകുന്നതെന്ന് ഏകദേശം 51% പേര്‍ വിശ്വസിക്കുന്നു, ഇത് നിലവിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്
പകുതിയോളം പേര്‍ക്കും ഇപ്പോഴും ടേം ഇന്‍ഷുറന്‍സിനെക്കുറിച്ച് അറിയില്ല
47.6 ശതമാനം ഇന്ത്യക്കാര്‍ക്കും ടേം ഇന്‍ഷുറന്‍സിനെയും അതിന്‍റെ നേട്ടങ്ങളെയും കുറിച്ച് ഇപ്പോഴും അറിയില്ലെന്ന് പോളിസി ബസാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലുടനീളം ടേം ഇന്‍ഷുറന്‍സ് വാങ്ങുന്നതിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ഈ അവബോധമില്ലായ്മയാണ്. അതേ സമയം പ്രതീക്ഷ നല്‍കുന്ന പ്രധാനഘടകം ടേം ഇന്‍ഷുറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 18% വളര്‍ച്ച കൈവരിച്ചു എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വെറും 2 ശതമാനം മാത്രമായിരുന്നു ഈ രംഗത്തെ വളര്‍ച്ച എന്നത് കണക്കാക്കുമ്പോള്‍ ഇത് ഒരു പ്രധാന നേട്ടമാണ്. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ച് അറിവുള്ളവരില്‍ 56% പേര്‍ അത് വാങ്ങുന്നതിനോട് അനുകൂലമായാണ് സര്‍വേയില്‍ പ്രതികരിച്ചത്.