ഇത്രയും പൈസ ഉണ്ടായിട്ടും പന്തിനോ ശ്രേയസിനോ രാഹുലിനോ വേണ്ടി ശ്രമിച്ചില്ല, ചെന്നൈ ടീമിനെതിരെ റെയ്നയും ഹർഭജനും
മുംബൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളെ തുടര്‍ന്ന് പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. എട്ട് കളികളില്‍ ആറ് തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍. ഇനിയൊരു തോല്‍വി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും അടക്കും. അവശേഷിക്കുന്ന ആറ് കളികളും ജയിച്ചാല്‍ മാത്രമെ ചെന്നൈക്ക് ഇനി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാനാവു.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈയുടെ തന്ത്രങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരങ്ങള്‍ കൂടിയായ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിംഗും. മുംബൈക്കെതിരായ മത്സരത്തിനിടെ കമന്‍ററി ബോക്സിലിരുന്നാണ് റെയ്നയും ഹര്‍ഭജനും ചെന്നൈയുടെ തന്ത്രങ്ങളെ വിമര്‍ശിച്ചത്. ചെന്നൈ ടീമിനെ ഇത്രയും പരിതാപകരമായ അവസ്ഥയില്‍ മുമ്പ് കണ്ടിട്ടില്ലെന്ന് റെയ്ന പറഞ്ഞു.
ഐപിഎല്‍ താരലേലത്തിനെത്തുമ്പോള്‍ ഇത്രയും പൈസ കൈയിലുണ്ടായിട്ടും പ്രതിഭാധനരായ യുവതാരങ്ങളെയോ പരിചയ സമ്പന്നരായ താരങ്ങളെയോ വാങ്ങാന്‍ ചെന്നൈ തയാറായില്ല. ഇത്രയും പൈസ കൈയില്‍ വെച്ച് ലേലലത്തിനെത്തിയിട്ടും റിഷഭ് പന്തിനെയോ ശ്രേയസ് അയ്യരെയോ കെ എല്‍ രാഹുലിനെയോ പോലുള്ള കഴിവു തെളിയിച്ച താരങ്ങളെ സ്വന്തമാക്കാന്‍ ചെന്നൈ ടീം മാനേജ്മെന്‍റ് ശ്രമിച്ചില്ലെന്നും റെയ്ന പറഞ്ഞു.
ഈ താരങ്ങളെയൊക്കെ ടീമിലെത്തിക്കാന്‍ ചെന്നൈ പോലൊരു വലിയ ടീമിന് കഴിയുമായിരുന്നുവെന്നും എന്നാലവര്‍ അതിന് ശ്രമിച്ചതേയില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. സീനിയര്‍ താരങ്ങളെപോയിട്ട് കളി മാറ്റി മറിക്കാന്‍ കഴിവുള്ള യുവതാരങ്ങളെപ്പോലും അവര്‍ ടീമിലെടുത്തില്ല. ചെന്നൈ ടീമിന്‍റെ ടാലന്‍റ് സ്കൗട്ടിനെയാണ് ഇക്കാര്യത്തില്‍ പഴി പറയേണ്ടത്. അവരുടെ മുൻഗണനകള്‍ പലപ്പോഴും മറ്റു പലതുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍’, ഐപിഎല്ലിലെ 2 വിദേശതാരങ്ങളെ പൊരിച്ച് സെവാഗ്
പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈയുടെ അടുത്ത മത്സം 25ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. 30ന് പഞ്ചാബ് കിംഗ്സിനെയും ചെന്നൈ നേരിടും.