പുതിയ റെനോ ഡസ്റ്ററും നിസാൻ മിഡ്‌സൈസ് എസ്‌യുവിയും, അറിയേണ്ടതെല്ലാം

2025 ലും 2026 ലും റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സബ്-4 മീറ്റർ എംപിവി , ഒരു മിഡ്-സൈസ് എസ്‌യുവി, ഒരു മൂന്നുവരി എസ്‌യുവി എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കുമെന്ന് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  2026 ൽ ഇന്ത്യയിൽ പുതിയ തലമുറ ഡസ്റ്റർ എസ്‌യുവിയും ഒരു പുതിയ 3-വരി എസ്‌യുവിയും അവതരിപ്പിക്കുമെന്ന് റെനോയും പ്രഖ്യാപിച്ചു. പുതിയ ഇടത്തരം എസ്‌യുവികൾ ഹ്യുണ്ടായി ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയുമായി നേരിട്ട് മത്സരിക്കും.

2026 സാമ്പത്തിക വർഷത്തിൽ പുതിയ എസ്‌യുവി പുറത്തിറങ്ങും. റെനോ-നിസ്സാൻ സഖ്യത്തിന്റെ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിർമ്മിക്കുക, ഇത് പുതിയ 7 സീറ്റർ എസ്‌യുവിയെയും പിന്തുണയ്ക്കും. ചെന്നൈയിലെ റെനോ-നിസ്സാൻ അലയൻസിന്റെ ഫാക്ടറിയിലായിരിക്കും ഇത് നിർമ്മിക്കുക. 151 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ നിസ്സാൻ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മാനുവൽ ഗിയർബോക്‌സുള്ള 1.5L NA പെട്രോൾ എഞ്ചിനുള്ള ഒരു എൻട്രി ലെവൽ വേരിയന്റും നിസ്സാൻ അവതരിപ്പിച്ചേക്കാം.

വലിയ പട്രോൾ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ എസ്‌യുവി ഡിസൈൻ എന്ന് നിസ്സാൻ സ്ഥിരീകരിച്ചു. ഡിസൈനിന്റെ കാര്യത്തിൽ, എസ്‌യുവിക്ക് സവിശേഷമായ ശൈലിയിലുള്ള മുൻവശത്ത് ഫാസിയ ഉണ്ടായിരിക്കും, അതിൽ ക്രോം സ്ട്രിപ്പ് ബന്ധിപ്പിച്ചിരിക്കുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ, സി-ആകൃതിയിലുള്ള സിൽവർ ക്ലാഡിംഗുള്ള പുതിയ ബമ്പർ, ബോണറ്റ് സ്കൂപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

നിസാന്റെ ആഗോള എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും ക്യാബിൻ ലേഔട്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെവൽ 2 ADAS ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ ഡസ്റ്റർ പുറത്തിറക്കുമെന്ന് റെനോ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പുതിയ തലമുറ ഡസ്റ്റർ ഇതിനകം വിൽപ്പനയിലുണ്ട്. ആഗോള വിപണികളിൽ, ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് യൂണിറ്റുകൾ ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇന്ത്യ-സ്‌പെക്ക് മോഡലിന് 151bhp/250Nm, 1.3L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. 7-സ്പീഡ് EDC (എഫിഷ്യന്റ് ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറും.

360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, റിയർ പാർക്കിംഗ് അസിസ്റ്റൻസ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ക്രൂയിസ് കൺട്രോൾ സ്പീഡ് ലിമിറ്റർ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ഡ്രൈവിംഗ് സഹായ സംവിധാനവുമായാണ് മൂന്നാം തലമുറ ഡസ്റ്റർ വരുന്നത്. പാഡിൽ ഷിഫ്റ്ററുകൾ, ഫ്രണ്ട്, സൈഡ്, റിയർ സെൻസറുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടും. സവിശേഷതകളുടെ കാര്യത്തിൽ, എസ്‌യുവിയിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS എന്നിവ ഉണ്ടായിരിക്കും.

 

By admin