ദില്ലി : എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു പോപ്പ് ഫ്രാൻസിസെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജോർജ് കുര്യൻ, വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാകുന്നതുമാണെന്നും അനുസ്മരിച്ചു.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ. 88 വയസായിരുന്നു. 11 വർഷം ആഗോള കത്തോലിക്കാ സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. അർജന്റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 -മത്തെ മാർപ്പാപ്പയാണ് വിശ്വാസികളെയാകെ വേദനയിലാഴ്ത്തി വിടവാങ്ങിയത്.
റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിന മേരിക്കകാരനായ ഹോർഗേ മരിയോ ബര്‍ഗോളിയോ, തന്റെ പേര് സ്വീകരിച്ചത് മുതൽ വ്യത്യസ്തനായിരുന്നു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേര് തെരഞ്ഞെടുത്തതിന്റെ അർത്ഥതലങ്ങള്‍ വലുതായിരുന്നു. മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തോട് അദ്ദേഹം വിളിച്ചു പറഞ്ഞു.