കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു; വലയിൽ കാൽ കുരുങ്ങിയത് രക്ഷപ്പെടാൻ തടസ്സമായി

തിരുവനന്തപുരം:  വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുൽ (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ  എത്തിയത്. 

കുളിക്കാനിറങ്ങിയ രാഹുൽ ചെളിയിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം സ്ഥലത്തെത്തുകയും രണ്ടര മണിക്കൂറുകളോളം പരിശോധന നടത്തുകയും ചെയ്‌തതോടെ കടവിൽ നിന്ന് 20 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.  മൂന്നാൾ താഴ്ചയുള്ള സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും ചെളിയിൽ കിടന്ന വല രാഹുലിന്റെ കാലിൽ കുരുങ്ങിയ നിലയിലായിരുന്നെന്നും ഫയർഫോഴ്സ് പറഞ്ഞു. വട്ടിയൂർക്കാവ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read also: ക്ഷേത്ര ഉത്സവത്തിൽ കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin