ആ ഔട്ട്സ്റ്റാൻഡിംഗ് ലവ് സ്റ്റോറി സിനിമയാക്കണം: തരുണ്‍ മൂര്‍ത്തി
മോഹൻലാല്‍ നായകനാകുന്ന തുടരും എന്ന സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ അഭിമുഖങ്ങള്‍ പലതും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ധന്യാ വര്‍മയ്‍ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
കഥകളി കലാകാരനുമാണ് തരുണ്‍ മൂര്‍ത്തി. കഥകളിയില്‍ നിന്ന് ഏതെങ്കിലും ഒരു കഥയെ സിനിമയായി ആലോചിക്കുമോ എന്ന ചോദ്യത്തിന് വാചാലനായാണ് തരുണ്‍ മൂര്‍ത്തി മറുപടി നല്‍കിയത്. സിനിമയാക്കണം എന്ന് ഞാൻ ആലോചിച്ചിട്ടില്ല. ഇപ്പോള്‍ അങ്ങനെ ചോദിച്ചാല്‍ ഞാൻ പറയുക നളചരിതമാണ് എന്ന് വ്യക്തമാക്കുന്നു തരുണ്‍ മൂര്‍ത്തി.
കഥകളിയില്‍ നളചരിതത്തിലെ നളന്റെ ജീവിതം എത്രത്തോളം ലെയറുള്ള ഒന്നാണ്. വലിയ രാജാവായിരുന്ന ഒരാളാണ്. അയാള്‍ ദമയന്തിയുമായി പ്രണയത്തിലാകുന്നു. അയാളെ സഹോദരൻ തന്നെ ചതിക്കുന്നു. രാജാവായിരുന്ന ഒരാള്‍ ഒന്നുമല്ലാതായി കാട്ടിലേക്ക് ഒരിക്കല്‍ ഉപേക്ഷിക്കപ്പെടുന്നു. ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കുന്നു. ഐഡന്റിറ്റി മറച്ചുവെച്ച് പാചകക്കാരനായി ജീവിക്കുന്നു. അത് ഭയങ്കര ലെയറുകളുള്ള കഥാപാത്ര ആവിഷ്‍കാരമായി തോന്നിയിട്ടുണ്ട് എന്നും സൂചിപ്പിക്കുന്നു തരുണ്‍ മൂര്‍ത്തി.
ആ പ്രണയ കഥ തന്നെ നാല് ഭാഗങ്ങളായിട്ടാണ് നമ്മള്‍ കാണുന്നത്. നളചരിതം, നളചരിതം ഒന്ന് രണ്ട്, മൂന്ന് എന്നിങ്ങനെയാണ് നമ്മള്‍ കാണുന്നത്. നളന്റെ പ്രണയവും വീരകഥകളുമാണ് ആദ്യ ഭാഗത്തില്‍ പറയുന്നത്. അവസാനം നായകനും നായികയും ഒന്നിക്കുന്നതാണ്. ഔട്സ്റ്റാൻഡിംഗ് ലവ് സ്റ്റോറിയാണ്. എന്നെങ്കിലും അത് ലവ് സ്റ്റോറിയാക്കാൻ പറ്റിയാല്‍?. നളചരിതം ഒരു സിനിമയാക്കാവുന്നത് ആണ്. പക്ഷേ എന്റെ ചുറ്റുമുള്ള ജീവിതകഥകള്‍ സിനിമയാക്കാനേ എനിക്ക് അറിയൂ. അതിനപ്പുറം ഞാൻ മുതിര്‍ന്നിട്ടുമില്ല. ഒരുപക്ഷേ മുന്നോട്ടുപോക്കില്‍ അങ്ങനത്തെ സിനിമകള്‍ ചെയ്യാൻ നിര്‍ബന്ധിതനായേക്കുമെന്ന് ഫീല്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ ഞാൻ ചിലപ്പോള്‍ ചെയ്‍തേക്കുമെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.