ആഢംബരത്തിനൊപ്പം നൂതന സാങ്കേതികവിദ്യയും; ക്യാബിൻ ഡിസൈനുകൾ പുറത്തുവിട്ട് റിയാദ് എയർ
റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാനകമ്പനിയായ ‘റിയാദ് എയർ’ വിമാനങ്ങളുടെ ഉൾഭാഗത്തെ (കാബിൻ) ഡിസൈനുകൾ പുറത്തിറക്കി. അത്യാധുനികമായ ആഡംബരവും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതും റിയാദ് എയറിന്‍റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതുമാണ് ഡിസൈനുകൾ.
വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി ലോകത്തിലെ ഡിജിറ്റൽ നിലവാരമുള്ള ആദ്യത്തെ എയർ കാരിയർ എന്ന നിലയിൽ പ്രാദേശികമായും ആഗോളമായും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ദൃഢനിശ്ചയവും ഇത് വ്യക്തമാക്കുന്നു. ആഡംബരവും സൗകര്യവും സമന്വയിപ്പിച്ച് വ്യോമയാന, യാത്രാ മേഖലകളിൽ സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യാൻ സഹായിക്കുന്നതാണ് ഉള്ളിലെ രൂപകൽപന. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സമന്വയത്തെ അടിസ്ഥാനമാക്കിയാണ് ക്യാബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് സൗകര്യപ്രദമായ ഉപയോഗവും എളുപ്പവും യാത്രക്കാർക്ക് നൽകുന്നു.
Read Also – സൗദി അറേബ്യയിലേക്ക് മോദിയുടെ മൂന്നാം വരവ്; ദ്വിദിന സന്ദർശനത്തിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും
സൗദി അറേബ്യയുടെ പൈതൃകത്തെ അടിസ്ഥാനപ്പെടുത്തിയ നിറങ്ങളും വസ്തുക്കളും ഡിസൈനുകളിൽ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും മികച്ചതും സുഖപ്രദവുമായ സീറ്റുകളാണ് ഒരുക്കുന്നത്. 2023 മാർച്ച് 12-നാണ് റിയാദ് എയർ എന്ന കമ്പനി രൂപവത്കരിക്കുന്നത്. ‘787 ഡ്രീംലൈനർ’ വിമാനങ്ങൾക്ക് ഓർഡർ നൽകി ഈ വർഷം രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.