ബിസിസിഐ വാര്‍ഷിക കരാര്‍: പരാഗ് എങ്ങനെ പുറത്തായി? ഓരോ കാറ്റഗറിയിലേയും താരങ്ങളുടേയും പ്രതിഫലം അറിയാം
മുംബൈ: ബിസിസിഐ വാര്‍ഷിക കരാര്‍ ഇന്നാണ് പ്രഖ്യാപിച്ചത്. 34 താരങ്ങളാണ് കരാറിലുള്ളത്. രുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് കരാറില്‍ ഉള്‍പ്പെട്ട പുതുമുഖങ്ങള്‍. നാല് പേരും സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര് അശ്വിനെ കരാര്‍ പരിധിയില്‍ നിന്നൊഴിവാക്കി. ആവേശ് ഖാന്, ഷാര്‍ദുല്‍ താക്കൂര്‍, ജിതേശ് ശര്‍മ, കെ എസ് ഭരത് എന്നിവരേയും കരാറില്‍ നിന്നൊഴിവാക്കി.
ശ്രേയസ് അയ്യര്‍, ഇഷാന് കിഷന് എന്നിവരെ വീണ്ടും ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന സവിശേഷത. കൂടാതെ റിഷഭ് പന്തിനെ ബി കാറ്റഗറിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി20 മത്സരങ്ങളോ കളിച്ച താരങ്ങളാണ് സി ഗ്രേഡ് കരാറിന് അര്‍ഹരാവുക. അതുകൊണ്ടുതന്നെ റിയാന്‍ പരാഗ് കരാറിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഒമ്പത് ടി20 മത്സരങ്ങളും ഒരു ഏകദിനവുമാണ് പരാഗ് ഇതുവരെ കളിച്ചത്. മലയാളി താരം സഞ്ജു സാംസണ് സി ഗ്രേഡില്‍ തുടരുന്നു. അടുത്തിടെ ഇന്ത്യയുടെ ടി20 ഓപ്പണറുടെ റോളിലേക്ക് മാറിയ സഞ്ജുവിനെ ബ്രി ഗ്രേഡിലേക്ക് മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടി20 മാത്രം കളിക്കുന്ന സഞ്ജുവിനെ സിയില്‍ നിലനിര്‍ത്തുകയായിരുന്നു.
പ്രതിഫലം ഇങ്ങനെ
എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഏഴ് കോടിയാണ് ലഭിക്കുക. ടി20യില്‍ നിന്ന വിരമിച്ച രോഹിത്, കോലി, ജഡേജ എന്നിവരുടെ എ പ്ലസില്‍ നിന്ന് ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ബിസിസിഐ അതിന് മുതിര്‍ന്നില്ല. ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയാണ് പ്രതിഫലം. മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ എ പ്ലസിലേക്ക് കയറുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഗ്രേഡ് ബിയില്‍ ഉള്ളവര്‍ക്ക് മൂന്ന് കോടിയാണ് ലഭിക്കുന്നത്. ഗ്രേഡ് സിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു കോടി പ്രതഫലവും ലഭിക്കും.
കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ്
ഗ്രേഡ് എ പ്ലസ്
രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ.
ഗ്രഡ് എ
മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്
ഗ്രേഡ് ബി
ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, അക്സര്‍ പട്ടേല്‍
ഗ്രേഡ് സി
റിങ്കു സിംഗ്, തിലക് വര്‍മ, ഇഷാന് കിഷന്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്, മുകേഷ് കുമാര്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്, രജത് പട്ടീദാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍.