ധവാനെ പിന്തള്ളി രോഹിത്, സഞ്ജു ആദ്യ പതിനഞ്ചില്‍! ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരെ അറിയാം
മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടിയതോടെയാണ് രോഹിത് രണ്ടാമതെത്തിയത്. 264 മത്സരങ്ങള്‍ കളിച്ച രോഹിത് ഇതുവരെ നേടിയത് 6786 റണ്‍സാണ്. രണ്ട് സെഞ്ചുറികളും 44 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇക്കാര്യത്തില്‍ വിരാട് കോലിയാണ് ഒന്നാമന്‍. 260 മത്സരങ്ങളില്‍ നിന്ന് 8326 റണ്‍സാണ് കോലി നേടിയത്. എട്ട് സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍ 59 അര്‍ധ സെഞ്ചുറികളും. 113 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശിഖര്‍ ധവാനെയാണ് രോഹിത് മറികടന്നത്. 6769 റണ്‍സുണ്ട് ധവാന്റെ അക്കൗണ്ടില്‍. 222 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. ഉയര്‍ന്ന സ്‌കോര്‍ 106 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ (6565), സുരേഷ് റെയ്‌ന (5528) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍. 5377 റണ്‍സ് നേടിയ എം എസ് ധോണി ആറാം സ്ഥാനത്തുണ്ട്.
എബി ഡിവില്ലിയേഴ്‌സ് (5162), ക്രിസ് ഗെയ്ല്‍ (4965), റോബിന്‍ ഉത്തപ്പ (4952), കെ എല്‍ രാഹുല്‍ (4949) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. മലയാളി താരം സഞ്ജു സാംസണ്‍ 14-ാം സ്ഥാനത്തുണ്ട്. 175 മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഇതുവരെ നേടിയത് 4643 റണ്‍സാണ്. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. അജിന്‍ക്യ രഹാനെ (4863), ദിനേശ് കാര്‍ത്തിക് (4842), ഫാഫ് ഡു പ്ലെസിസ് (4652) എന്നിവര്‍ സഞ്ജുവിന് മുന്നിലുണ്ട്.
കോലിയെ പിന്നിലാക്കി രോഹിത്! ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത്
അതേസമയം, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കി. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലെ താരം രോഹിത്തായിരുന്നു. ഇതോടെ 20 പുരസ്‌കാരങ്ങളായി രോഹിത്തിന്. വിരാട് കോലിയില്‍ നിന്നാണ് രോഹിത് റെക്കോര്‍ഡ് തിരിച്ചുപിടിച്ചത്. പഞ്ചാബിനെതിരായ മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായ കോലി രോഹിത്തിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രോഹിത് മുന്നിലെത്തി. ഇന്ത്യന്‍ താരങ്ങളില്‍ എം എസ് ധോണിയാണ് മൂന്നാമത്. 18 പുരസ്‌കാരങ്ങള്‍ ധോണിയുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ മൊത്തം പട്ടികയെടുത്താല്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 25 പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്ല്‍. 18 പുരസ്‌കാരങ്ങളുമായി ഡേവിഡ് വാര്‍ണര്‍, ധോണിക്കൊപ്പം അഞ്ചാമതുണ്ട്.