കേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക, ലക്ഷ്യം തീർത്ഥാടകരും വിനോദസഞ്ചാരികളും, ഓൺലൈൻ ബുക്കിംഗ് തട്ടിപ്പ്
ദില്ലി : രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗവും സ്‍മാർട്ട്‌ഫോൺ വ്യാപനവും വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇതിന് അനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും ആശങ്കാജനകമായ തോതിൽ കൂടിവരികയാണ്. വർദ്ധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാൻ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകളുടെ പുതിയ രീതികളെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള പുതിയ ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകളെക്കുറിച്ചാണ് മുന്നറിയിപ്പ്.
വ്യാജ യാത്രാ പോർട്ടലുകളും വ്യാജപരസ്യങ്ങളും പുതിയ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായാണ് മുന്നറിയിപ്പ്. പ്രൊഫഷണലായി തോന്നിക്കുന്നതും എന്നാൽ വഞ്ചനാപരവുമായ വെബ്‌സൈറ്റുകൾ ആണ് ഈ തട്ടിപ്പിന് ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ, വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ എന്നിവ തട്ടിപ്പുകാർ ഉപയോഗിക്കുന്നതായി സർക്കാർ കണ്ടെത്തി. ഉപയോക്താക്കളെ മുൻകൂർ പണമടയ്ക്കാൻ വശീകരിക്കുന്നതിനായി ഈ പ്ലാറ്റ്‌ഫോമുകൾ യാത്രാ സംബന്ധിയായ സേവനങ്ങൾ ആകർഷകമായ തുകയ്ക്ക് പരസ്യം ചെയ്യുന്നു.
ഈ വ്യാജ വെബ്‌സൈറ്റുകളിൽ തട്ടിപ്പുകാർ കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ ബുക്കിംഗ്, ചാർ ധാം യാത്ര, തിരുപ്പതി ദർശൻ പാക്കേജുകൾ, ഗസ്റ്റ് ഹൗസ്, ഹോട്ടൽ ബുക്കിംഗുകൾ, ഓൺലൈൻ ടാക്സി ബുക്കിംഗ്, അവധിക്കാല പാക്കേജുകളും മതപരമായ ടൂറുകളും തുടങ്ങി നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പറയുന്നു. ഈ ആകർഷകമായ ഓഫറുകളിൽ ആകൃഷ്ടരായി ആളുകൾ ഈ പോർട്ടലുകൾ വഴി പണമടയ്ക്കുന്നു. പക്ഷേ പിന്നെയാണ് പലരും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. ബുക്കിംഗ് കഴിഞ്ഞിട്ടും അവർക്ക് ഒരു സേവനവും ലഭിക്കില്ല. നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാനും സാധിക്കില്ല. അത്തരം വെബ്‌സൈറ്റുകളും അവയുടെ പ്രൊഫൈലുകളും പ്രത്യക്ഷത്തിൽ നിയമാനുസൃതമായി കാണപ്പെടുന്നുണ്ടെങ്കിലും, പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് പലപ്പോഴും സ്ഥിരീകരണമോ സേവനമോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
ഈ സാഹചര്യത്തിൽ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ചില മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ അറിയാം
പണമടയ്ക്കുന്നതിന് മുമ്പ് എപ്പോഴും വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കുക.
ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലെ “സ്പോൺസർ ചെയ്ത” അല്ലെങ്കിൽ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
എപ്പോഴും സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നോ വിശ്വസനീയമായ ട്രാവൽ ഏജൻസികളിൽ നിന്നോ ബുക്കിംഗ് നടത്തുക.
അത്തരത്തിലുള്ള ഏതെങ്കിലും വെബ്‌സൈറ്റ് നിങ്ങൾ കണ്ടെത്തിയാൽ, ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക.
ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം കേദാർനാഥ് ഹെലികോപ്റ്റർ ബുക്ക് ചെയ്യുക. ഈ വെബ്‌സൈറ്റ് വഴി ഗസ്റ്റ് ഹൗസ് ബുക്കിംഗും നടത്താം.