എല്‍ ക്ലാസിക്കോയില്‍ പകരം വീട്ടി മുന്നേറാന്‍ മുംബൈ; അവസാന സ്ഥാനത്തു നിന്ന് കരകയറാന്‍ ചെന്നൈ
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം വാങ്കഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന നാലു പന്തുകളും സിക്സിന് പറത്തിയാണ് ധോണി ഫിനിഷ് ചെയ്തത്. ഒടുവില്‍ മുംബൈ മത്സരം തോറ്റത് ധോണി പറത്തിയ ആ നാലു സ്കിസുകളുടെ വ്യത്യാസത്തിലായിരുന്നു.
ഇത്തവണ ചെന്നൈയില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ സ്വന്തം മൈതാനത്ത് പ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം. സീസണ് പകുതി പിന്നിടുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോള്‍ തുലാസിലാണ്. അവശേഷിക്കുന്ന ഏഴ് കളിയില്‍ ആറെണ്ണത്തിലും ജയിക്കാതെ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവില്ല. മുംബൈയുടേതും അത്ര മികച്ച സ്ഥിതിയല്ലെങ്കിലും ചെന്നൈയെക്കാള്‍ ഒരു മത്സരം അധികം ജയിച്ചതിന്റെ ആനുകൂല്യം മുംബൈക്കുണ്ട്.
പഞ്ചാബിന് ഇന്ന് വീണ്ടും ബംഗളൂരുവിന്റെ റോയല്‍ ചലഞ്ച്, ഏവേ വിജയത്തില്‍ കണ്ണുവെച്ച് ആര്‍സിബി
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസിലുണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ബാറ്റിംഗ് ഫോമിലായതും മുംബൈക്ക് പ്രതീക്ഷ നല്കുന്നു. എന്നാല്‍ മുന്‍ നായകന് രോഹിത് ശര്‍മയുടെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെയും പ്രകടനങ്ങള്‍ മുംബൈക്ക് പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കളിച്ച പിച്ചിലായിരിക്കില്ല ഇന്നത്തെ മത്സരമെന്തിനാല് റണ്ണൊഴുക്ക് പ്രതീക്ഷിക്കാം. രാത്രി മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അധിക ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ ടോസ് ജയിക്കുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
വൈഭവ് സംഭവം; പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രം കുറിച്ച് വൈഭവ് സൂര്യവൻശി
ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ മുംബൈ 20 തവണയും ചെന്നൈ 18 തവണയും ജയിച്ചു. വാങ്കഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ജയങ്ങളുമായി മുംബൈ മുന്നിലുള്ളപ്പോള്‍ അഞ്ച് ജയങ്ങള്‍ ചെന്നൈയുടെ അക്കൗണ്ടിലുമുണ്ട്. 2021നുശേഷം അവസാനം ഏറ്റുമുട്ടിയ ഏഴില്‍ ആറ് മത്സരങ്ങളും ജയിച്ചുവെന്നത് ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.