വീട്ടുകാരോട് വഴക്കിട്ട് വീട് വിട്ടിറങ്ങി, പെൺകുട്ടി പോയത് സുഹൃത്തിനരികിലേക്ക്, തിരികെയെത്തിച്ച് ദുബൈ പോലീസ്

ദുബൈ: വീട്ടുകാരോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ പ്രശ്നം പരിഹരിച്ച് തിരികെയെത്തിച്ച് ദുബൈ പോലീസ്. വീട് വിട്ടിറങ്ങിയ ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഒരുപാട് തവണ വിളിച്ചിട്ടും കുട്ടി തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ നായിഫ് പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 

വിക്ടിം സപ്പോർട്ട് യൂണിറ്റ് ഉടൻ തന്നെ പെൺകുട്ടിയുമായി സംസാരിച്ചു. വീട്ടുകാരോടും പെൺകുട്ടിയോടും കാര്യങ്ങൾ വിശദമായി അന്വേഷിച്ച് തർക്കം ഒത്തുതീർപ്പാക്കുകയായിരുന്നെന്ന് നായിഫ് പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രി​ഗേഡിയർ ഒമർ അഷൂർ പറഞ്ഞു. പെൺകുട്ടി വീട്ടുകാരോടൊപ്പം മടങ്ങി. തർക്കം ഒത്തുതീർപ്പാക്കുന്നതിന് മുൻകൈയെടുത്ത വിക്ടിം കമ്യൂണിക്കേഷൻ യൂണിറ്റിനെ ഒമർ അഷൂർ അഭിനന്ദിക്കുകയും ചെയ്തു. 

read more: പ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച

മാതാപിതാക്കൾ കുട്ടികളെ നന്നായി പരിപാലിക്കണമെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വീട്ടിൽ തിരികെയെത്തിച്ചതിന് ദുബൈ പോലീസിന് കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin