അടിച്ച് ഫിറ്റായി വീടിന് തീവച്ച് 37കാരൻ, തലനാഴിയ്ക്ക് രക്ഷപ്പെട്ട് മാതാപിതാക്കൾ, വഴക്ക് പതിവെന്ന് അയൽക്കാർ

കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ചു.  ഇളകൊള്ളൂർ ചിറ്റൂർമുക്ക് പാറപ്പള്ളിൽ സോമൻ നായരുടെ മകൻ മനോജ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീട് കത്തുന്നതു കണ്ട് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്നും ഫയർഫോഴ്സും, പൊലീസും എത്തി തീ അണച്ചെങ്കിലും വീടിനുള്ളിൽ മനോജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. 

സംഭവ സമയം വീട്ടിൽ പിതാവ് സോമൻ നായരും, മാതാവ് വനജയും ഉണ്ടായിരുന്നെങ്കിലും ഇവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അംഗവൈകല്യമുള്ള വ്യക്തിയാണ് മനോജ്. മദ്യലഹരിയിൽ മനോജിന്റെ വീട്ടിൽ വഴക്ക് പതിവാണെന്ന് അയൽക്കാർ വിശദമാക്കുന്നത്. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങി, പിന്നാലെ ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്നാണ് അയൽക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.  

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് ബലം നൽകുന്നതാണ് അയൽക്കാരുടെ പ്രതികരണങ്ങൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin