മാര്‍ക്രമിനും ബദോനിക്കും അര്‍ധ സെഞ്ചുറി, സമദിന്റെ വെടിക്കെട്ട്! രാജസ്ഥാനെതിരെ ലക്നൗവിന് മികച്ച സ്കോര്‍
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. ഇതില്‍ 27 റണ്‍സും സന്ദീപ് ശര്‍മയെറിഞ്ഞ് അവസാന ഓവറിലായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (9 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റുകള്‍ ലക്നൗവിന് നഷ്ടമായി. വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ സഞ്ജു സാംസണ് ഇല്ലാതെയാണ് രാജസ്ഥാന് ഇറങ്ങുന്നത്. സഞ്ജുവിന് പകരം റിയാന്‍ പരാഗ് ടീമിനെ നയിക്കും. കൗമാര താരം വൈഭവ് സൂര്യവന്‍ഷി രാജസ്ഥാന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ലക്നൗ ഒരു മാറ്റം വരുത്തി. ആകാശ് ദീപിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്തി.
മോശം തടുക്കമായിരുന്നു ലക്നൗവിന് 54 റണ്‍സുകള്‍ക്കിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മിച്ചല്‍ മാര്‍ഷിനെ, ജോഫ്ര ആര്‍ച്ചര്‍ മടക്കി. ഷിംറോണ്‍ ഹെറ്റ്മെയര്‍ക്കായിരുന്നു ക്യാച്ച്. പിന്നാലെ നിക്കോളാസ് പുരാനെ (11) സന്ദീപ് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹസരങ്കയ്ക്കെതിരെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്കി റിഷഭും മടങ്ങി. പിന്നാലെ മാര്‍ക്രം – ബദോനി സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ലക്നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
എന്നാല്‍ 16-ാം ഓവറില്‍ മാര്‍ക്രം മടങ്ങി. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഹസരങ്കയ്ക്ക് വിക്കറ്റ്. പിന്നാലെ ബദോനി, തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. തുടര്‍ന്ന് അവസാന ഓവറില്‍ 27 അടിച്ചെടുത്ത സമദ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. സന്ദീപിന്റെ അവസാന ഓവറില്‍ നാല് സിക്സുകളാണ് പിറന്നത്. താരം നാല് ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, രവി ബിഷ്ണോയ്, ശാര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.