അത് നാളെ! ‘കളങ്കാവല്‍’ സര്‍പ്രൈസ് അപ്ഡേറ്റുമായി മമ്മൂട്ടി

പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എപ്പോഴും വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിലെ നടനെയും താരത്തെയും തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്ത് പുറത്തുവരാനുള്ളത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കളങ്കാവല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. 

ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസിനെക്കുറിച്ചാണ് അത്. കളങ്കാവലിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ 11.11 ന് പുറത്തെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. 

തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, ചിത്രസംയോജനം പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം അഭിജിത്ത് സി, സ്റ്റിൽസ് നിദാദ്, പബ്ലിസിറ്റി ഡിസൈൻസ് ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് കളങ്കാവല്‍. 

ബസൂക്കയാണ് മമ്മൂട്ടിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ ഇന്നുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് ചിത്രത്തിന്‍റേത്.

ALSO READ : കണ്ണനായി അൽ സാബിത്ത്, പട്ടുപാവാടയണിഞ്ഞ് ശിവാനി; വിഷുച്ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin