സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു. സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശി ദ്രാവിൺ (21) ആണ് മുങ്ങിമരിച്ചത്. എൻഐറ്റിയിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ദ്രാവിൺ. ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

വൈകിട്ട് ആറരയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻതന്നെ അവിടെയുള്ളവർ രക്ഷാപ്രവർത്തനം നടത്തി യുവാവിന് മെഡിക്കൽ കോളേജിൽ എത്തിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പിന്നീട് മരണം സ്ഥിരീകരിച്ചു. മുക്കത്ത് നിന്ന് ടാക്സി ജീപ്പ് വിളിച്ച് പതങ്കയത്ത് കുളിക്കാൻ സംഘമായി എത്തിയതായിരുന്നു വിദ്യാർത്ഥികൾ. വൈകിട്ട് ആറരയോടെ ഇതിൽ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. അവിടെയുണ്ടായിരുന്നവർ ചേർന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചു. സംഘത്തിൽ ഉണ്ടായിരുന്നവർ മുഴുവൻ പേരും അന്യസംസ്ഥാനത്തുനിന്നുള്ളവരായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ബുദ്ധിമുട്ട് നേരിട്ടു.

Also Read: കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് 4 വയസുകാരൻ മരിച്ചു

By admin