അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെളളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന്
ശേഷം മൃതദേഹം പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നാലര മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു നടപടി.
പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.
അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൾ വർധിച്ചുവരുന്ന ആത്മഹത്യകളെ കുറിച്ച് എഴുതിയ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്. ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൾ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസം മുമ്പ് ഏറ്റുമാനൂരിൽ ഷൈനിയും മക്കളും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസും അൻസൽ ആണ് അന്വേഷിക്കുന്നത്. തുടർച്ചയായ ആത്മഹത്യകൾ വന്നതോടെയാണ് പൊലീസുദ്യോഗസ്ഥന്‍റെ വൈകാരിക പ്രതികരണം. ഏറ്റുമാനൂരിൽ സ്റ്റേഷിനിൽ മാത്രം ഈ വർഷം ഇതുവരെ 817 പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എഴുപത് ശതമാനവും കുടുംബപ്രശ്നങ്ങളാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പൊലീസ് സ്റ്റേഷനെ സമീപിച്ചാൽ ഉചിതമായ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ.
ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ….
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)