മുസ്ലിം കരാറുകാർക്ക് 4 ശതമാനം സംവരണം: കർണാടക സർക്കാർ പാസാക്കിയ ബിൽ രാഷ്ട്രപതിക്കയച്ച് ​ഗവർണർ

ബെംഗളൂരു: മുസ്ലീങ്ങളായ കരാറുകാർക്ക് സർക്കാർ കരാറുകളിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള കർണാടക സർക്കാരിന്റെ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് മാറ്റിവച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു.  കർണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനമുന്നയിച്ചിരുന്നു. കർണാടക പൊതുഭരണത്തിലെ സുതാര്യത (ഭേദഗതി) ബിൽ കഴിഞ്ഞ മാസമാണ് നിയമസഭ പാസാക്കിയത്. ഒരു കോടി രൂപ വരെ വിലയുള്ള നിർമ്മാണ പ്രവൃത്തി കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാൻ ബിൽ നിർദ്ദേശിക്കുന്നു.

ഇന്ത്യൻ ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്നില്ല. ഭരണഘടനയിൽ പറയുന്ന സമത്വം (ആർട്ടിക്കിൾ 14), വിവേചനമില്ലായ്മ (ആർട്ടിക്കിൾ 15), പൊതു തൊഴിലിൽ തുല്യ അവസരം (ആർട്ടിക്കിൾ 16) എന്നീ തത്വങ്ങളെ ലംഘിക്കുന്നുവെന്ന് ​ഗവർണർ സർക്കാരിനയച്ച കത്തിൽ പറഞ്ഞു. മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണ നടപടി സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ഗെലോട്ട് വാദിച്ചു.  

1994-ലെ എടുത്ത തീരുമാനപ്രകാരം, ഒബിസി കാറ്റഗറി-2ബി പ്രകാരം 4 ശതമാനം സംവരണം ഉള്ള ഏക സമുദായം മുസ്ലീം ആണെന്നും അദ്ദേഹം പറഞ്ഞു. 2023 മാർച്ചിലാണ് ബിജെപി സർക്കാർ കാറ്റഗറി-2B പ്രകാരമുള്ള 4 ശതമാനം സംവരണം പിൻവലിച്ചത്. പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാനുള്ള സർക്കാരിന്റെ നീക്കത്തെ ശക്തമായി ന്യായീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, സാമ്പത്തികമായും സാമൂഹികമായും ദുർബലരായവർക്ക് താങ്ങാകുക എന്നത് കോൺഗ്രസിന്റെ ദൗത്യവും പ്രതിബദ്ധതയുമാണെന്ന് പറഞ്ഞു. മതാധിഷ്ഠിത സംവരണത്തെ എതിർക്കുന്ന ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറിന്റെ ഏതെങ്കിലും എഴുത്തോ പ്രസംഗമോ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ മോദി ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

By admin