സ്വാഭാവിക കാലതാമസം മാത്രം, റഹീം മോചന കേസ് പതിനൊന്നാം തവണയും മാറ്റിവെച്ചതിൽ വിശദീകരണവുമായി റിയാദ് സഹായ സമിതി
റിയാദ്: തുടക്കം മുതലുള്ള കേസ് ഡയറി സൗദി കോടതി വീണ്ടും പരിശോധിക്കുന്നത് കൊണ്ടാണ് അബ്ദുൽ റഹീമിന്‍റെ വിധി വൈകുന്നതെന്ന് റിയാദ് സഹായ സമിതി. സൗദി ബാലെൻറ മരണത്തെ തുടർന്ന് 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസിൽ കോടതി നടപടികളുമായി ബന്ധപ്പെട്ട സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായിട്ടുള്ളതെന്നും സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സുപ്രധാന രേഖകളുടെ പകർപ്പുകൾ സഹിതം കേസിന്‍റെ ഇതുവരെയുള്ള നാൾവഴികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വൈകാതെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള വധശിക്ഷ റദ്ദായ ശേഷം പബ്ലിക് റൈറ്റ് പ്രകാരമുള്ള കോടതി നടപടികളാണ് തുടരുന്നത്. അതിെൻറ സിറ്റിങ്ങിനിടയിൽ തുടക്കം മുതലുള്ള കേസ് ഡയറിയുടെ ഒറിജിനൽ കോടതി ആവശ്യപ്പെട്ടിരുന്നു. ആറാമത്തെ സിറ്റിങ്ങിലാണ് ഡയറി ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട വകുപ്പിൽനിന്ന് ഡയറി കോടതിയിൽ എത്താനെടുത്ത സ്വാഭാവിക കാലതാമസമാണ് പിന്നീട് സിറ്റിങ്ങുകളുടെ മാറ്റിവെക്കലിന് കാരണമായതെന്നും സമിതി ഭാരവാഹികൾ വിശദീകരിച്ചു.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ രേഖകളും മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ ഹാജരാക്കി. കീഴ് കോടതി വിധികൾക്കും അപ്പീലിനുമെല്ലാം ശേഷം 2022 നവംബർ 15-ന് സുപ്രീം കോടതി വധശിക്ഷ ശരിവെച്ച വിധി പകർപ്പ്, വാദിഭാഗമായ സൗദി കുടുംബവുമായി അവരുടെ വക്കീൽ മുഖാന്തിരം നടന്ന ചർച്ചക്കുശേഷം ദിയ ധനം സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യൻ എംബസിക്ക് ഇ-മെയിൽ വഴി നൽകിയ കത്ത്, ദിയ ധനം സമാഹരിച്ചെന്ന് അറിയിച്ച് കോടതിയിൽ റഹീമിെൻറ അഭിഭാഷകർ നൽകിയ സത്യവാങ്മൂലത്തിെൻറ കോപ്പി, കോഴിക്കോട് ഫറോക് റഹീം സഹായ ട്രസ്റ്റ് റഹീമിന് വേണ്ടി സമാഹരിച്ച തുക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതിെൻറ രേഖ, തുടർന്ന് ഇന്ത്യൻ എംബസി വഴി റിയാദ് ഗവർണറേറ്റിന് കൈമാറിയ ദിയ ധനം (ഒന്നര കോടി സൗദി റിയാൽ), വക്കീൽ ഫീസായി നൽകിയ ഏഴര ലക്ഷം സൗദി റിയാൽ എന്നിവയുടെ ചെക്ക് കോപ്പികൾ, റിയാദ് ഗവർണറേറ്റ് ഒറിജിനൽ ചെക്ക് സ്വീകരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ അക്നോളഡ്ജിെൻറ പകർപ്പ്, മരിച്ച സൗദി ബാലെൻറ ദിയ ധനത്തിന് അവകാശികളായ മാതാവിനും രണ്ട് സഹോദരന്മാർക്കും നാല് സഹോദരിമാർക്കുമിടയിൽ വീതിക്കേണ്ട വിഹിതം ഓരോരുത്തരുടെയും പേരിൽ കൃത്യമായ തുക രേഖപ്പെടുത്തിയ കോടതിവിധിയുടെ പകർപ്പ്, വധശിക്ഷ റദ്ദ് ചെയ്ത് കോടതി പുറവെടുവിച്ച ഉത്തരവ്, 2024 ഒക്ടോബർ 21 മുതൽ 2025 ഏപ്രിൽ 14 വരെ നടന്ന 11 സിറ്റിങ്ങുകളുടെ മിനുറ്റ്സ് തൂടങ്ങി എല്ലാ രേഖകളും സഹായ സമിതി ഹാജരാക്കി.
അറബിയിലുള്ള കോടതി രേഖകൾ മാധ്യമപ്രവർത്തകനും കോടതി രേഖകൾ വിവർത്തനം ചെയ്യുന്ന ദ്വിഭാഷിയുമായ സുലൈമാൻ ഊരകം യോഗത്തിൽ വായിച്ചു വിശദീകരിച്ചു. ആറാമത്തെ സിറ്റിങ് മുതൽ ഒറിജിനൽ കേസ് ഡയറി കോടതി ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 14-ന് (ഞായറാഴ്ച) നടന്ന ഏറ്റവും ഒടുവിലെ സിറ്റിങ്ങിെൻറ മിനിറ്റ്സിലും കോടതി ബന്ധപ്പെട്ട വകുപ്പുകളോട് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇനി മെയ് അഞ്ചിനാണ് കേസ് പരിഗണിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളിൽ നടത്തിയ അന്വേഷണത്തിൽ രേഖകൾ കോടതിയിലേക്ക് പോയതായി വിവരം ലഭിച്ചെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.
കേസിൽ അസ്വാഭാവികമായി ഒന്നും സംഭവിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഒക്ടോബർ 21-ന് ശേഷം ഏഴ് മാസത്തിനിടെ 11 സിറ്റിങ്ങുകൾ ഉണ്ടായത് കേസിൽ കൃത്യമായ ഫോളോഅപ്പ് നടക്കുന്നു എന്നതിന് തെളിവാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. ദിയ ധനം സ്വീകരിച്ച് കുടുംബം മാപ്പ് നൽകിയതോടെ പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസ് അവസാനിച്ചു. അവശേഷിക്കുന്നത് പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസാണ്. ഇതിലാണ് ഇനി വിധി തീർപ്പുണ്ടാകേണ്ടത്.
Read Also – വീണ്ടും നിരാശ, റഹീമിന്‍റെ മോചനം നീളും; പതിനൊന്നാം തവണയും കേസ് മാറ്റിവെച്ചു
മെയ് അഞ്ചിന് രാവിലെ 10-നുള്ള സിറ്റിങ്ങിൽ കോടതിയുടെ നിരീക്ഷണം അറിയാനാണ് കാത്തിരിക്കുന്നതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ അഭിഭാഷകരുമായി കൂടിയാലോചിച്ച് അടുത്ത മാർഗങ്ങൾ തേടും. റഹീമിെൻറ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ, റഹീം സമിതി ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, വൈസ് ചെയർമാൻ മുനീബ് പാഴൂർ, സുരേന്ദ്രൻ കൂട്ടായി, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ധീൻ ചേവായൂർ, നവാസ് വെള്ളിമാട്കുന്ന് എന്നിവർ വിശദീകരണ യോഗത്തിൽ പങ്കെടുത്തു.