ബഹ്റൈനില്‍ വ്യാപക പരിശോധന, 128 അനധികൃത തൊഴിലാളികളെ നാടുകടത്തി
മനാമ: ബഹ്റൈനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആര്‍എ) നടത്തിയ പരിശോധനകളില്‍ പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ 70,000 പരിശോധനാ ക്യാമ്പയിനുകളാണ് രാജ്യത്തുടനീളം നടത്തിയത്.
ഏപ്രില്‍ ആറ് മുതല്‍ 12 വരെ നടത്തിയ 1,301 പരിശോധനകളിലും 12 സംയുക്ത ക്യാമ്പയിനുകളിലുമായി 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പിടിയിലായ 128 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്പോര്‍ട്സ്, ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പുമായി സഹകരിച്ചാണ് അതാത് ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോൺമെന്‍റ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ ചേര്‍ന്ന് സംയുക്ത ക്യാമ്പയിനുകള്‍ നടത്തിയത്.
Read Also – ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കുടുങ്ങി
കൂടുതല്‍ ക്യാമ്പയിനുകളും നടത്തിയ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ്. എട്ട് സംയുക്ത പരിശോധനകളാണ് ഇവിടെ നടത്തിയത്. തെക്കന്‍ ഗവര്‍ണറേറ്റില്‍ രണ്ട് സംയുക്ത ക്യാമ്പയിനുകളും വടക്കന്‍, മുഹറഖ് ഗവര്‍ണറേറ്റുകളില്‍ ഒന്ന് വീതവുമാണ് സംയുക്ത ക്യാമ്പയിനുകള്‍ നടത്തിയത്. 2024 ജനുവരി മുതല്‍ ആകെ 70,058 പരിശോധനകളും 1,021 സംയുക്ത പരിശോധനകളും നടത്തി. ഇതില്‍ 3,055 നിയമലംഘനങ്ങള്‍ കണ്ടെത്തി. 8,265 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.