ചാമ്പ്യൻസ് ലീഗ്: തോറ്റിട്ടും സെമിയിലേക്ക് മുന്നേറിയ ബാഴ്സയും പിഎസ്‌ജിയും; ആഴ്സണലിനെതിരെ റയലിന് മരണപ്പോരാട്ടം
ബെര്‍ലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാംപാദത്തിൽ തോറ്റിട്ടും എഫ് സി ബാഴ്സലോണ സെമിയിൽ. ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്സലോണയെ തോൽപിച്ചു. സെർഹോ ഗുയ്റാസിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയയുടെ ജയം. റാമി ബെൻസബെയ്നിയുടെ ഓൺഗോളിലൂടെയാണ് ബാഴ്സ ഒരുഗോൾ മടക്കിയത്.
ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്സലോണയുടെ ജയം. ഇന്‍റർ മിലാൻ, ബയേൺ മ്യുണിക്ക് ക്വാർട്ടർ വിജയികളെയാണ് ബാഴ്സ സെമിയിൽ നേരിടുക.
ആളുമാറി സഹതാരത്തെ കടിച്ച് സുവാരസ്, അമളി പറ്റിയപ്പോള്‍ ക്ഷമ; വീഡിയോ
മറ്റൊരു രണ്ടാംപാദ ക്വാർട്ടറിൽ തോൽവി നേരിട്ടെങ്കിലും പി എസ് ജിയും ആദ്യപാദത്തിലെ ഗോളുകളുടെ കരുത്തിൽ സെമിയിലെത്തി. ആസ്റ്റൻവില്ല രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജിയെ തോൽപിച്ചത്. അഷ്റഫ് ഹക്കീമി, നുനോ മെൻഡസ് എന്നിവരുടെ ഗോളിന് മുന്നിൽ എത്തിയ ശേഷമായിരുന്നു പിഎസ്ജിയുടെ തോൽവി. യൂറി ടെലിമാൻസ്, ജോൺ മക്ഗിൻ, എസ്റി കോൻസ എന്നിവരാണ് ആസ്റ്റൻവില്ലയുടെ സ്കോറർമാർ. ആദ്യപാദത്തിൽ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിന് ആസ്റ്റൻവില്ലയെ തോൽപിച്ചിരുന്നു.
റയലിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് ആഴ്സണലിനെ നേരിടും. ബയേൺ മ്യൂണിക്കിന് ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനാണ് എതിരാളികൾ. സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയുമായാണ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് സാന്‍റിയാഗോ ബെർണബ്യൂവിൽ ആഴ്സണലിനെതിരെ ഇറങ്ങുന്നത്. ആദ്യ പാദത്തില്‍ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വഴങ്ങിയ മൂന്ന് ഗോള്‍ തോല്‍വിയുടെ ആഘാതത്തിൽ നിന്ന് റയല്‍ തിരിച്ചുകയറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ശക്തമായി തിരിച്ചടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് കിലിയൻ എംബാപ്പേയും ജൂഡ് ബെല്ലിംഗ്ഹാമും ഉൾപ്പടെയുള്ള റയൽ താരങ്ങൾ. എന്നാൽ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് അത്ര പ്രതീക്ഷയില്ല. ഹോംഗ്രൗണ്ടാണെങ്കിലും മൂന്നുഗോൾ മറികടക്കുക കടുപ്പമെന്ന് ആഞ്ചലോട്ടി തുറന്നു സമ്മതിക്കുന്നു.
ഇന്ത്യയുടെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും, വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ്
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ റയലിനോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയാൽ ആഴ്സണലിന് സെമി ഫൈനൽ ഉറപ്പിക്കാം. ഏറ്റുമുട്ടിയ മൂന്ന് കളിയിൽ ആഴ്സണൽ രണ്ടിലും ജയിച്ചു. ഒരുസമനില. റയലിനോട് ഇതുവരെ ഒറ്റഗോൾ വഴങ്ങിയിട്ടില്ലെന്ന ചരിത്രവും ആഴ്സണലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. എംബാപ്പേ, റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, ബെല്ലിംഗ്ഹാം എന്നിവർ അസാധ്യമായത് സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് റയൽ ആരാധകർ. ഇന്‍റർ മിലാൻ ഒരു ഗോൾ ലീഡുമായാണ് ഹോംഗ്രൗണ്ടിൽ ബയേൺ മ്യൂണിക്കിനെ നേരിടുന്നത്. ബയേണിന്‍റെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്റർമിലാന്‍റെ ജയം.