ജയിച്ചു കയറാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍, വിജയവഴിൽ തിരിച്ചെത്താന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം
ഡല്‍ഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് രാജസ്ഥാൻ റോ യൽസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഡൽഹിയിലാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് ഡൽഹി ക്യാപിറ്റൽസും സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.
സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് അക്ഷർ പട്ടേലിന്‍റെ ഡൽഹി. രാജസ്ഥാനാവട്ടെ, താളം കണ്ടെത്താൻ പാടുപെടുന്ന സംഘവും. സഞ്ജു സാംസൺ, യശസ്വീ ജയ്സ്വാൾ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറൽ എന്നിവർ അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ രാജസ്ഥാന്‍റെ നില പരുങ്ങലിലാവും. മികച്ച സ്പിന്നർമാരുടെ അഭാവവും പേസർമാരുടെ മോശം ഫോമും പ്രതിസന്ധിയാണ്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റെങ്കിലും ഡൽഹിക്ക് കാര്യമായ ആശങ്കയൊന്നുമില്ല. പരിക്കേറ്റ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസി ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഡൂപ്ലെസി കളിച്ചില്ലെങ്കില്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍ക് തന്നെ ഓപ്പണറായി തുടരും. സീസണില്‍ ഇതുവരെ 100 സ്ട്രൈക്ക് റേറ്റില്‍ 46 റണ്‍സാണ് മക്ഗുര്‍ഗിന് നേടാനായത്.എല്ലാ മത്സരങ്ങളിലും പവര്‍ പ്ലേയില്‍ പുറത്താകുകയും ചെയ്തു.
തകർപ്പൻ ഇന്നിംഗ്സോടെ അരങ്ങേറ്റം കുറിച്ച കരുൺ നായർ ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടും. കുൽദീപ് യാദവ്, അക്സർ പട്ടേൽ, വിപ്രാജ് നിഗം സ്പിൻത്രയമാവും രാജസ്ഥാന് ഏറ്റവുംകൂടുതൽ വെല്ലുവിളിയാവുക. രാജസ്ഥാൻ നായകന്‍ സഞ്ജു സാംസണെതിരെയും നിതാഷ് റാണയ്ക്കെതിരെയും മികച്ച റെക്കോര്‍ഡുള്ള താരമാണ് ഡല്‍ഹി നായകന്‍ അക്സര്‍ പട്ടേല്‍. മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിരയും ശക്തം. ഇതുവരെ ഏറ്റുമുട്ടിയ ഇരുപത്തിയൊൻപത് മത്സരത്തിൽ രാജസ്ഥാൻ പതിനഞ്ചിലും ഡൽഹി പതിനാലിലും ജയിച്ചു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയം വീതം.