ഐപിഎല്‍: അന്ന് ഉയര്‍ന്ന റണ്‍ ചേസ് റെക്കോര്‍ഡ്, ഇന്ന് കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച ടീം; പഞ്ചാബ് കിംഗ്സ് പഞ്ചാണ്

ചണ്ഡീഗഡ്: ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതുവരെ ഈ മത്സരത്തെ കുറിച്ച് വിശ്വസിക്കാനായിട്ടില്ല. എല്ലാം ഒരു സ്വപ്നം പോലെ സംഭവിച്ചിരിക്കുന്നു. ഐപിഎല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ടീം വെറും 111 റണ്‍സില്‍ പുറത്താവുക. മറുപടി ബാറ്റിംഗില്‍ എതിര്‍ ടീം എത്ര ഓവറില്‍ ജയിച്ചെന്ന് ആലോചിച്ചാല്‍ മാത്രം മതി, ആ മാനസീകാവസ്ഥയിലായിരുന്നു ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. 111 റണ്‍സ് ചേസ് ചെയ്ത ടീമിനെ 95 റണ്‍സില്‍ ഓള്‍ഔട്ടാക്കി ആദ്യം ബാറ്റ് ചെയ്തവര്‍ 16 റണ്‍സിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി. പറഞ്ഞുവരുന്നത് ഐപിഎല്‍ പതിനെട്ടാം സീസണിലെ പഞ്ചാബ് കിംഗ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തെക്കുറിച്ചാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തെക്കുറിച്ച്. 

ഐപിഎല്‍ ചരിത്രത്തില്‍ ഇതുപോലൊരു ത്രില്ലര്‍ മുമ്പുണ്ടായിട്ടില്ല. ചണ്ഡീഗ‍ഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ് ഭേദപ്പെട്ട തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞു. 12.3 ഓവറില്‍ പഞ്ചാബ് 111 റണ്‍സില്‍ പഞ്ചാബിന്‍റെ എല്ലാവരും പുറത്തായി. 39-0-ത്തില്‍ നിന്ന് 111-10ലേക്ക് പഞ്ചാബിന്‍റെ വന്‍ വീഴ്ച്ച. ആറ് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 12 പന്തില്‍ 22 ഉം പ്രഭ്‌സിമ്രാന്‍ സിംഗ് 15 പന്തില്‍ 30 ഉം റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ പിന്നീടാരും 18നപ്പുറം കടന്നില്ല. മധ്യനിരയുടെ സ്ട്രൈക്ക് റേറ്റ് ശോകമൂകം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 2 പന്തില്‍ പൂജ്യം, ഗ്ലെന്‍ മാക്‌സ്‌വെല്‍ 7, ജോഷ് ഇംഗ്ലിസ് 2 എന്നിങ്ങനെയേ നേടിയുള്ളൂ. മൂന്ന് വിക്കറ്റുമായി കെകെആര്‍ പേസര്‍ ഹര്‍ഷിത് റാണയും രണ്ട് പേരെ വീതം പുറത്താക്കി സ്‌പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നുമാണ് പഞ്ചാബിനെ ആദ്യം പഞ്ചറാക്കിയത്. 

തൊട്ട് മുമ്പത്തെ കളിയില്‍  ഹൈദരാബാദിനെതിരെ 245 റൺസ് നേടിയിട്ടും തോൽവി നേരിട്ട ടീമായിരുന്നു പഞ്ചാബ്. ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എത്ര ഓവറിനിടെ കളി ഫിനിഷ് ചെയ്തെന്ന് മാത്രം ചോദിച്ചാല്‍ മതി, ആ ലൈനിലായിരുന്നു അതോടെ ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ അവിടെ ആദ്യ ട്വിസ്റ്റുണ്ടായി. ഏഴ് റണ്‍സിനിടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നെയും ക്വിന്‍റണ്‍ ഡികോക്കിനെയും നഷ്ടമായി കെകെആര്‍ നടുങ്ങി. കന്നി ഐപിഎല്‍ മത്സരം കളിക്കാനെത്തിയ പേസര്‍ സേവ്യര്‍ ബാര്‍റ്റ്‌ലെറ്റ് തുടക്കം ഉഷാറാക്കി. എന്നിട്ടും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും യുവതാരം ആങ്ക്രിഷ് രഘുവന്‍ഷിയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ടീം സ്കോര്‍ 60 കടത്തി. പിന്നീട് നടന്നത് എന്താണെന്ന് മനസിലാക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം പൂര്‍ണമായും വീണ്ടും കാണേണ്ട അവസ്ഥയാണ്. നാല് വിക്കറ്റുമായി യുസ്‌വേന്ദ്ര ചഹല്‍ സ്‌പിന്‍ കൊടുങ്കാറ്റായി, 7.3 ഓവറില്‍ 62-2 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത അതോടെ 15.1 ഓവറില്‍ 95 റണ്‍സില്‍ മൂക്കുംകുത്തി വീണു. പത്താം വിക്കറ്റായി ആന്ദ്രേ റസലിന്‍റെ കുറ്റി പിഴുത് പേസര്‍ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റ് തികയ്ക്കുകയും ചെയ്തു. 

അല്ലെങ്കിലും പഞ്ചാബ് കിംഗ്സിന്‍റെ ഈ അവിസ്മരണീയ തിരിച്ചുവരവും വിജയവും എങ്ങനെ വിശ്വസിക്കും. ടി20 ഫോര്‍മാറ്റില്‍ 111 റണ്‍സ് വിജയകരമായി ഡിഫന്‍ഡ് ചെയ്യുക എന്നതൊരു ഹിമാലയന്‍ ടാസ്‌ക്കാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ 2 ശതമാനം മാത്രം വിജയശതമാനമുണ്ടായിരുന്ന പഞ്ചാബാണ് കൊല്‍ക്കത്തയെ 16-ാം ഓവറില്‍ പഞ്ചറാക്കി 16 റണ്‍സിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. അതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച് ജയിച്ച ടീമെന്ന റെക്കോര്‍ഡ് പഞ്ചാബിന്‍റെ പേരിലായി. ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മയെയും എം എസ് ധോണിയെയും കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നവര്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ കുറിച്ച് രണ്ട് വാക്കെങ്കിലും പറയണമെന്നായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. 111 റണ്‍സ് ഡിഫന്‍ഡ് ചെയ്ത് ഒരു ടീം വിജയിക്കുമ്പോള്‍ ക്രഡിറ്റ് ക്യാപ്റ്റനല്ലാതെ മറ്റാര്‍ക്ക് നല്‍കാന്‍ കഴിയും. 

‘ഈ പഞ്ചാബിന്‍റെ ഒരു കാര്യം’ എന്ന് ആരാധകര്‍ ചോദിക്കാന്‍ സാധ്യതയുള്ള മറ്റൊരു കണക്ക് കൂടി പരിചയപ്പെടുത്താം. അപ്പോള്‍ പഞ്ചാബ് ഐപിഎല്ലിലെ ഏറ്റവും അസാധാരണ ജയങ്ങളുടെ ഈറ്റില്ലമാണെന്ന് വ്യക്തമാവും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ചേസിംഗ് നടത്തി വിജയിച്ച ടീമും പഞ്ചാബ് കിംഗ്സാണ്. ഇതിന് മുമ്പ് പഞ്ചാബ്-കൊല്‍ക്കത്ത ടീമുകള്‍ മുഖാമുഖം വന്ന 2024ലായിരുന്നു ആ റെക്കോര്‍ഡിന്‍റെ പിറവി. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചാണ് അന്ന് പഞ്ചാബ് ചേസിംഗില്‍ ഞെട്ടിച്ചത്. കെകെആറിന്‍റെ 261 റണ്‍സ് 18.4 ഓവറില്‍ മറികടക്കുമ്പോള്‍ പഞ്ചാബിന്‍റെ രണ്ടേ രണ്ടേ വിക്കറ്റുകളെ വീണിരുന്നുള്ളൂ എന്നത് മറ്റൊരു കൗതുകം. പഞ്ചാബ് കിംഗ്സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് റെക്കോര്‍ഡ് സ്ഥാപിച്ചതും ഏറ്റവും കുറഞ്ഞ സ്കോര്‍ ഡിഫന്‍ഡ് ചെയ്തതും ഒരേ കെകെആര്‍ ടീമിനെതിരെ.

2024ല്‍ 262 റണ്‍സ് ചേസ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിംഗ്സ് റെക്കോര്‍ഡിടുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി കളംവിട്ട കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യരാണ് ഇന്ന് പഞ്ചാബ് കിംഗ്സ് 111 റണ്‍സ് ഡിഫന്‍ഡ‍് ചെയ്ത് ജയിക്കുമ്പോള്‍ പഞ്ചാബ് നായകന്‍ എന്നതും അവിശ്വസനീയം. 

Read more: എം എസ് ധോണി: അത്ഭുതങ്ങളുടെ 43 വയസുകാരന്‍, അവസാനിക്കാത്ത ഫിനിഷര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin