വൻ തട്ടിപ്പ്! പണം എത്തുന്നത് നേപ്പാള്‍ സ്വദേശികളിലേക്ക്, നിയന്ത്രിക്കുന്നത് വിദേശ കമ്പനികള്‍
ചേർത്തല: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നേപ്പാൾ സ്വദേശികൾ അടക്കം നാലുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഘട്ക, അഭിനീത് യാദവ്, സഞ്ജയ് ദുബെ, പ്രിൻസ് ദേവ് എന്നിവരാണ് ചേർത്തല പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. 2024 ൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഒന്നര മാസത്തിന് മുമ്പ് ചേർത്തല എസ്ഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുപി സ്വദേശികൾ അറസ്റ്റിൽ ആവുകയും ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുപി സ്വദേശികളും, രണ്ട് നേപ്പാൾ സ്വദേശികളും ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി അതുവഴി ലഭിക്കുന്ന പണം വിദേശ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.
പ്രതികളെ ചോദ്യം ചെയ്യുകയും കയ്യിലുള്ള ഡിജിറ്റൽ ഡിവൈസുകൾ പരിശോധിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ നേപ്പാൾ സ്വദേശികൾക്കാണ് ഇവർ തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണവും, അതിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് നേപ്പാൾ സ്വദേശികൾ രഹസ്യമായി താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച് ഇരുവരെയും പിടികൂടുകയായിരുന്നു. നേപ്പാൾ സ്വദേശികളുടെ പക്കൽ നിന്നും തട്ടിപ്പിനായി ശേഖരിച്ച വിവിധ ബാങ്ക് പാസ് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തതിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തി ശേഖരിക്കുന്ന ബാങ്ക് പാസ് ബുക്ക്, അക്കൗണ്ട് വിവരങ്ങള്‍ എന്നിവയെല്ലാം ടെലഗ്രാം ഗ്രൂപ്പ് വഴി വിദേശ രാജ്യത്ത് നിയന്ത്രിക്കപ്പെടുന്ന കമ്പനികളാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്യുകയും, തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും.