​ഒരു കോക്ക്ടെയിലിന് എത്ര നൽകും? ലോകത്തെ ഏറ്റവും വില കൂടിയ കോക്ടെയിൽ വിറ്റ് ദുബൈ, വില അമ്പരപ്പിക്കുന്നത്

ദുബൈ: ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബൈക്ക് സ്വന്തം. പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കിയ ഈ കോക്ടെയിൽ 156,000 ദിർഹമിനാണ് വിറ്റുപോയത്. ദുബൈയിലെ നഹാതെ റസ്റ്റോറന്റിൽ നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ ദുബൈ മോഡലും സംരംഭകയുമായ ഡയാന അഹാദ്പൂർ ആണ് ഈ കോക്ടെയിൽ സ്വന്തമാക്കിയത്. 

ലോകത്തിലെ അറിയപ്പെടുന്ന ബാർ ടെൻഡർമാരിൽ ഒരാളായ സാൽവതോർ ആണ് ഈ മാസ്റ്റർപീസ് കോക്ടെയ്ൽ മിശ്രിത നിർമാണത്തിന് പിന്നിൽ. ഏറ്റവും ആഡംബരമായ രീതിയിലായിരുന്നു കോക്ടെയ്ലിന്റെ നിർമാണം. ജെയിംസ് ബോണ്ട് 007ന് വേണ്ടി നിർമിച്ച കോക്ടെയ്ലിലെ പ്രധാന ചേരുവയായ കിന ലില്ലെറ്റ് എന്ന പ്രത്യേക ഫ്രൂട്ട് വൈനാണ് ഈ അത്യാഡംബര കോക്ടെയ്ൽ നിർമാണത്തിലെ പ്രധാന ചേരുവ. 1950കളിൽ നിർമിക്കപ്പെട്ട കിന ലില്ലെറ്റ് പിന്നീട് വീണ്ടും ഉണ്ടാക്കിയിട്ടിട്ടില്ല. അതിന്റെ കുറച്ച് ബോട്ടിലുകൾ മാത്രമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. 1930കളിൽ നിർമിക്കപ്പെട്ട അം​ഗോസ്റ്റുറ ബിറ്റേഴ്സ് എന്ന പാനീയവും ഈ കോക്ടെയ്ൽ നിർമാണത്തിന് ഉപയോ​ഗിച്ചിട്ടുണ്ട്. 

വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് പരിപാടിയിൽ ക്ഷണം ലഭിച്ചിരുന്നത്. കോക്ടെയിൽ ലേലത്തിന് വെച്ചപ്പോൾ ആദ്യം നിശ്ചയിച്ചിരുന്ന തുക 60,000 ദിർഹമായിരുന്നു. പക്ഷേ ലേലം തുടങ്ങിയപ്പോൾ ക്രമേണ പാനീയത്തിന്റെ വില ഉയരുകയായിരുന്നുവെന്ന് നഹാതെയുടെ ബിവറേജ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ആൻഡ്രി ബോൾഷാക്കോവ് പറയുന്നു. 

read more: `ഇത് പൊളിക്കും’, ചന്ദ്രന്റെ ആകൃതി, നിക്ഷേപം 500 കോടി ഡോളർ, വരുന്നൂ യുഎഇയിൽ വമ്പൻ റിസോർട്ട്

വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു കോക്ടെയ്ൽ. 1937ൽ നിർമിച്ച പ്രത്യേക ബക്കരാട്ട് ​ഗ്ലാസിലായിരുന്നു കോക്ടെയ്ൽ വിളമ്പിയത്. ഇത് ആരും മുൻപ് ഉപയോ​ഗിച്ചിട്ടില്ല. മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ​ഗ്ലാസ് നിർമിതി പാരിസിൽ നിന്നും ദുബൈയിലേക്ക് എത്തിച്ചതാണെന്ന് ബോൾഷാക്കോവ് പറഞ്ഞു. ആ കോക്ടെയ്ൽ സ്വന്തമാക്കിയ ആൾക്ക് ഈ ​ഗ്ലാസുകളും നൽകി. നഹാതെ റസ്റ്റോറന്റിന്റെ പങ്കാളിയായ പാട്രൺ ടക്കീലയാണ് പരിപാടിക്ക് മാത്രമായി കോക്ടെയിൽ മിശ്രിതം നിർമിച്ചത്. വെറും 500മി.ലി മാത്രമാണ് ഉണ്ടാക്കിയത്. ഇത് മെക്സിക്കോയിൽ നിന്നും പരിപാടി നടത്തുന്നതിന് ഒരു ആഴ്ച മുൻപാണ് എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin